ചേർപ്പ്: വരയിലെ വൈവിദ്ധ്യങ്ങളിലൂടെ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് നേടി നാടിന്റെ അഭിമാനമായിരിക്കുകയാണ് അവിണിശേരി മലയാറ്റിൽ വീട്ടിൽ സുധാകരൻ സുനിത എന്നിവരുടെ മകനായ അഭിജിത്ത്. ലോക് ഡൗൺ കാലത്ത് വിരസത അകറ്റാൻ വിനോദത്തിനായി തുടങ്ങിയ കലാവൈവിദ്ധ്യ രൂപകൽപ്പനകൾ നേട്ടമായതിന്റെ സന്തോഷത്തിലാണ് അഭിജിത്ത്.
ഒഴിഞ്ഞ കുപ്പികളിൽ അക്രിലിക് പെയിന്റ്, ബ്രഷ്, സ്‌പോഞ്ച്, മാർക്കർ പെൻ, ടിഷ്യു പേപ്പർ എന്നിവ ഉപയോഗിച്ചാണ് അഭിജിത്ത് കലാരൂപങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്. ആന, പരമശിവൻ, പൈനാപ്പിൾ, തൃശൂർ വടക്കുംനാഥ തെക്കെ ഗോപുരനട, വീണ, ഉള്ളംകൈയിൽ കൊള്ളാവുന്ന വലുപ്പത്തിലുള്ള വയലിൻ, ചിലങ്ക, കഥകളി, പൂക്കൾ, മരങ്ങൾ തുടങ്ങിയ അമ്പതോളം ചിത്രങ്ങളാണ് കുപ്പികളിൽ വരച്ചു തീർത്തത്.
തന്റെ കലാസൃഷ്ടികൾ കണ്ട് എല്ലാവരും തരുന്ന പ്രോത്സഹനമാണ് പ്രചോദനമെന്ന് ഇദ്ദേഹം പറയുന്നു. പാഴ്‌വസ്തുക്കൾ, പ്ലാസ്റ്റിക്, ചില്ല് കുപ്പികൾ എന്നിവ ഉപയോഗിച്ചാണ് കൂടുതലും പെയിന്റിംഗുകൾ നടത്തുന്നത്. കേരളത്തിലെ ആർട്ടിസ്റ്റുകൾ മാത്രമുള്ള ആക്രിക്കട എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് തനിക്ക് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് നേടാനായതെന്ന് അഭിജിത്ത് പറഞ്ഞു. സ്‌കൂൾ അസംബ്ലിക്ക് പറഞ്ഞിരുന്ന പ്രതിജ്ഞാ വാചകം ഇന്ത്യൻ ഭൂപട ആകൃതിയിൽ പ്ലാസ്റ്റിക് കുപ്പിയിൽ മാർക്കർ പേനയിൽ രൂപപ്പെടുത്തിയ ചിത്രമാണ് അവാർഡിന് അർഹനാക്കിയത്.