തൃശൂർ: കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾ പൂർത്തിയായി. എട്ടു സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടത്തിയത്. എ.ഡി.എം. എം.സി. റെജിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. 54 കൗൺസിലർമാരെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഉൾപ്പെടുത്തി. കോൺഗ്രസിന്റെ ഇ.വി. സുനിൽരാജ് പങ്കെടുത്തില്ല. കൊവിഡ് രോഗബാധയെ തുടർന്ന് വിശ്രമത്തിലാണ്. ബി.ജെ.പി അംഗങ്ങളെയടക്കം ഉൾപ്പെടുത്തി ധാരണയുണ്ടാക്കിയതിനാൽ ഒരു സീറ്റിലേക്കും മത്സരമുണ്ടായില്ല. പുല്ലഴി ഡിവിഷൻ തിരഞ്ഞെടുപ്പിനു ശേഷം അവിടെ നിന്നുള്ള അംഗത്തേയും ഉൾപ്പെടുത്തും. ഇടതുപക്ഷത്തിനു അഞ്ചു സമിതികളിൽ മേൽക്കൈയുണ്ട്. കോൺഗ്രസിനു മൂന്നു സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷന്മാരെയാണ് ലഭിക്കുന്നത്. 18ന് അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കും.
ഉച്ചയ്ക്ക് രണ്ടു മുതൽ കാൽമണിക്കൂറിന്റെ ഇടവേളയിലാണ് തിരഞ്ഞെടുപ്പ്. ആദ്യം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെയാണ് നിശ്ചയിക്കുക. തുടർന്ന് ക്ഷേമകാര്യം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ ക്രമത്തിൽ തിരഞ്ഞെടുക്കും. സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ ആരോഗ്യം, വർഗീസ് കണ്ടംകുളത്തി വികസനം എന്നീ സമിതികളുടെ അദ്ധ്യക്ഷരാകും. പൊതുമരാമത്ത് വകുപ്പ് അദ്ധ്യക്ഷ സ്ഥാനം ജനതാദൾ എസിലെ ഷീബ ബാബുവിനാണ്. നികുതി അപ്പീൽ കമ്മിറ്റി അദ്ധ്യക്ഷസ്ഥാനം സി.പി.ഐയിലെ സാറാമ്മ റോബ്‌സനാണ്. ധനകാര്യസമിതി ചെയർമാൻ ഡെപ്യൂട്ടിമേയറാണ്. ക്ഷേമകാര്യം, നഗരാസൂത്രണം, വിദ്യാഭ്യാസം എന്നിവയാണ് കോൺഗ്രസിന്. ലാലിജെയിംസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയാകും. ജോൺ ഡാനിയേൽ നഗരാസൂത്രണസമിതിയുടേതും എൻ.എ. ഗോപകുമാർ വിദ്യാഭ്യാസ കമ്മിറ്റിയുടേയും അദ്ധ്യക്ഷന്മാരാകും.