തൃശൂർ: തൃശൂർ 7 കേരള ഗേൾസ് എൻ.സി.സി ബറ്റാലിയനും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് തൃശൂരിലെ തീയേറ്ററുകളിൽ ബോധവത്കരണം നടത്തും. കൊവിഡ് വ്യാപന ഭീതിയിൽ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു പോകുന്നതിന്റെ ഭാഗമായി തിയേറ്ററുകൾ തുറക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണവുമായി എൻ.സി.സി കേഡറ്റുകൾ രംഗത്തെത്തുന്നത്.
സാമൂഹിക അകലം പാലിക്കാനും വ്യക്തി ശുചിത്വം പാലിക്കാനുമുള്ള മാർഗ നിർദേശങ്ങളും പ്ലക്കാർഡുകളും ബോധവത്കരണ സന്ദേശങ്ങളുമായി തൃശൂരിലെ തിയേറ്ററുകൾക്കു മുന്നിൽ എൻ.സി.സി കേഡറ്റുകൾ ഇന്ന് രാവിലെ 9 മണി, 12 മണി ഷോകൾക്കാണ് ബോധവത്കരണത്തിനായി അണിനിരക്കുക. 7 കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ജോസഫ് ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ഇൻസ്ട്രക്ടർ മഞ്ജു മോഹൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.