കൊടുങ്ങല്ലൂർ: നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്ക് ആരും നാമനിർദ്ദേശം നൽകാതിരുന്നതിനെ തുടർന്ന് വരണാധികാരി മറ്റ് കമ്മിറ്റികളിൽ അംഗങ്ങളല്ലാത്ത മുഴുവൻ വനിതകളെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് വോട്ടെടുപ്പ് നടത്തി.

വോട്ടെടുപ്പിൽ ബി.ജെ.പി കൗൺസിലർമാർ എൽ.ഡി.എഫ് കൗൺസിലർ ലീല കരുണാകരനെ വോട്ട് ചെയ്ത് ജയിപ്പിച്ചു. ഇതോടെ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് എൽ.ഡി.എഫിന് ഒരു സ്ഥാനാർത്ഥി കുറഞ്ഞു. ഇതേത്തുടർന്ന് ആ കമ്മിറ്റിയിൽ എൽ.ഡി.എഫിന് മൂന്ന് അംഗങ്ങളെ മാത്രം മത്സരിപ്പിക്കാൻ കഴിയുന്ന സാഹചര്യമായി. ബി.ജെ.പിക്ക് നാല് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും കഴിഞ്ഞു. അങ്ങനെ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു.

മറ്റു കമ്മിറ്റികളിൽ വികസനം, ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. ഒരു കമ്മിറ്റിയിലും ഉൾപ്പെടാത്തവരും മറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട അംഗങ്ങളെ ചട്ട പ്രകാരം റിട്ടേണിംഗ് ഓഫീസർ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതോടെ ആ കമ്മിറ്റിയിൽ ബി.ജെ.പി അംഗങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചു. എങ്കിലും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നിലവിൽ മുനിസിപ്പൽ വൈസ് ചെയർമാൻ സ്ഥാനത്തുള്ളയാൾ വഹിക്കണമെന്ന നിയമം ഉള്ളതിനാൽ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല.

ആ സ്ഥാനത്ത് നിലവിലുള്ള വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിയോഗിക്കപ്പെടും. മറ്റ് കമ്മിറ്റികളിലേക്കുള്ള അദ്ധ്യക്ഷരുടെ തിരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ബി.ജെ.പി വോട്ട് ചെയ്ത് വിജയിപ്പിച്ച എൽ.ഡി.എഫ് കൗൺസിലർ ലീല കരുണാകരൻ മുനിസിപ്പൽ സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു.