തൃശൂർ: പത്ത് മാസത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ തിയേറ്ററുകൾ തുറന്നപ്പോൾ 'മാസ്റ്ററി'നെ കാണാൻ തിക്കും തിരക്കും. നഗരത്തിൽ രാഗം, രവികൃഷ്ണ, കൈരളി, ശ്രീ എന്നി തിയേറ്ററുകൾ മാത്രമാണ് തുറന്നത്. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു ആദ്യ പ്രദർശനം. ആദ്യ ഷോയ്ക്ക് ഫാൻസ്Gകാരാണ് കൂടുതലായും എത്തിയത്. മൂന്നു ഷോകളാണ് ഭൂരിഭാഗം തിയറ്റുകളിലും ഉള്ളത്. ഒന്നിടവിട്ട സീറ്റുകളിലാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിൽ ആകെയുള്ള തിയേറ്ററുകളിൽ മൂന്നിലൊന്ന് മാത്രമാണ് ഇന്ന് പ്രദശനം തുടങ്ങിയത്. സീറ്റുകളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്ന് തിയറ്ററുടമകൾ പറയുന്നു. വിതരണക്കാർ അഡ്വാൻസ് തുക വർദ്ധിപ്പിച്ചതാണ് ഭൂരിഭാഗം തിയറ്ററുകളും തുറക്കാതിരിക്കാൻ കാരണം. നേരത്തെ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നത് പത്ത് ലക്ഷമാക്കി വർദ്ധിപ്പിച്ചു. അതേസമയം, തിരക്ക് കണ്ട് ബോധവത്കരണവുമായി ഇറങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്
ബോധവത്ക്കരണവുമായി എൻ.സി.സി കേഡറ്റുകൾ
കൊവിഡ് വ്യാപന ഭീതിയിൽ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി ജില്ലയിലെ തിയേറ്ററുകളിൽ ബോധവത്കരണവുമായി എൻ.സി.സി കേഡറ്റുകളിലെത്തി. തൃശൂർ സെവൻ കേരള ഗേൾസ് എൻ.സി.സി ബറ്റാലിയന്റെയും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ തിയേറ്ററുകളിൽ ബോധവത്കരണം നടത്തിയത്. സാമൂഹിക അകലം പാലിക്കാനും വ്യക്തി ശുചിത്വം പാലിക്കാനുമുള്ള മാർഗ നിർദേശങ്ങൾ, പ്ലക്കാർഡുകൾ, ബോധവത്കരണ സന്ദേശങ്ങൾ എന്നിവ തിയേറ്ററുകൾക്ക് മുന്നിൽ സ്ഥാപിച്ചു. രാവിലെ 9 മണി, 12 മണി ഷോകൾക്ക് മുൻപ് തിയേറ്ററുകളിൽ എൻ.സി.സി കേഡറ്റുകൾ ബോധവത്കരണത്തിനായി അണിനിരന്നു. സെവൻ കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ജോസഫ് ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ.റീന, ഇൻസ്ട്രക്ടർ മഞ്ജു മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോധവത്കരണം.