haritham

തൃശൂർ: സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രീൻ ഓഫീസ് സർട്ടിഫിക്കേഷനും ഗ്രേഡും നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ ഹരിത ഓഡിറ്റിന് തുടക്കം. ആദ്യഘട്ടത്തിൽ ജില്ലാതല ഓഫീസുകളിലാണ് ഓഡിറ്റ് ആരംഭിച്ചത്.
ആരോഗ്യവകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഡി.ഡി.പി, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ഹരിത സഹായ സ്ഥാപന പ്രതിനിധികൾ അടങ്ങിയ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ മൂന്ന് സമിതികളാണ് ജില്ലാതല ഓഫീസുകൾ ഹരിത ഓഡിറ്റ് നടത്തുന്നത്. സർക്കാർ മാർഗരേഖ അനുസരിച്ചുള്ള ചോദ്യാവലി പ്രകാരമാണ് ഓഡിറ്റിംഗ്.

ചോദ്യാവലി പ്രകാരം 70 മാർക്കിന് മുകളിൽ ലഭിക്കുന്ന ഓഫീസുകൾക്കാണ് ഹരിത ഓഡിറ്റ് പദവിയും ഗ്രേഡും നൽകുന്നത്. കൂടാതെ എല്ലാ തദ്ദേശ സ്ഥാപനത്തിനും കീഴിലുള്ള സർക്കാർ ഓഫീസുകളിലും സ്‌കൂളുകളിലും ഓഡിറ്റ് ചെയ്യും.
ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ 10,000 സർക്കാർ ഓഫീസുകളെ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖ്യാപിക്കും. 70 മാർക്കിൽ താഴെ ലഭിക്കുന്ന ഓഫീസുകൾക്ക് സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള അവസരവും നിർദ്ദേശങ്ങളും ഓഡിറ്റ് ടീം നൽകുന്നതാണ്. ജില്ലാ ശുചിത്വ മിഷനും ഹരിത കേരളം മിഷനുമാണ് ഹരിത ഓഡിറ്റിന് ജില്ലാതല ഏകോപനം നടത്തുന്നത്.