പഴുവിൽ: ചാഴൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വനിതകൾക്കായുള്ള പട്ടികജാതി തൊഴിൽ പരിശീലന കേന്ദ്രം നാശത്തിന്റെ വക്കിൽ. 2007 ൽ സ്ഥാപിച്ച കേന്ദ്രത്തിലൂടെ പട്ടികജാതി വനിതകളുടെ ജീവിതം ഭദ്രമാക്കാനായിരുന്നു ലക്ഷ്യം വച്ചിരുന്നത്.
കെട്ടിടം നിർമ്മിക്കാൻ എലുവത്തിങ്കൽ സൈമൺ സൗജന്യമായി സ്ഥലം നൽകി. മൂന്ന് വർഷം കൊണ്ട് പണി പൂർത്തിയാക്കി. പ്രവർത്തനം ആരംഭിച്ചെങ്കിലും എതാനും മാസങ്ങൾക്കകം സ്ഥാപനം പൂട്ടി. പിന്നീട് വന്ന പഞ്ചായത്ത് അധികൃതർ കേന്ദ്രത്തെ അവഗണിക്കുകയായിരുന്നു.
2018 ലെ പ്രളയത്തിൽ വെള്ളം കയറി പതിനായിരങ്ങൾ വിലയുള്ള ഫർണിച്ചറുകളും, കമ്പ്യൂട്ടറുകളും, കെട്ടിടത്തിന്റെ വാതിലുകളും, ജനലും, ചുമരുകളും തകർന്നു. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളോ പഞ്ചായത്ത് അധികൃതരോ എത്തിനോക്കിയില്ല.
എസ്.സി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കേന്ദ്രം പിന്നീട് നോക്കുകുത്തിയായി മാറി. പുതിയ ഭരണസമിതിയുടെ ഇടപെടലുണ്ടായാൽ കേന്ദ്രത്തിന് പുതുജീവൻ ലഭിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും പ്രദേശവാസികളും.