annamanada-panchayath
അന്നമനട പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണം രണ്ടാം ഘട്ടം ഉദ്‌ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവഹിക്കുന്നു

മാള: ആദ്യ യോഗത്തിലെ ഒന്നാമത്തെ അജണ്ടയായിരുന്ന ഗ്രീൻ അന്നമനട ക്ലീൻ അന്നമനട രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം. ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന ആദ്യ യോഗത്തിലെ ഒന്നാമത്തെ അജണ്ടയായിരുന്നു മാലിന്യ സംസ്കരണം. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്ന നടപടികളാണ് ആദ്യമായി സ്വീകരിച്ചിട്ടുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് വനിതാ വ്യവസായ കേന്ദ്രത്തിൽ യന്ത്രം ഉപയോഗിച്ച് ഗ്രാന്യൂൾസ് രൂപത്തിലാക്കി ശുചിത്വ മിഷന് കൈമാറും.

കുപ്പികൾ രൂപമാറ്റം വരുത്തും. പത്ത് അംഗങ്ങളുള്ള ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് മാലിന്യ സംഭരണം നടത്തുന്നത്. ശുചിത്വ പഞ്ചായത്തായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഉദ്‌ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. സതീശൻ, ഷീജ നസീർ, ടി.വി. സുരേഷ്‌കുമാർ, ഷിനി സുധാകരൻ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് പി.ആർ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.