ഗുരുവായൂർ: നഗരസഭയിൽ കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായുള്ള മുനിസിപ്പൽ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു. ഈ മാസം 16 മുതൽ നഗരസഭയിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ പൊലീസ് അടക്കമുള്ള പ്രധാന വകുപ്പുകൾക്കും മൂന്നാം ഘട്ടം 50 വയസ്സിന് മുകളിലുള്ള പൗരൻമാർ, 50 വയസ്സിന് താഴെയുള്ള അനാരോഗ്യം മൂലം അവശത അനുഭവിക്കുന്നവർ എന്നിവർക്കാണ് വാക്‌സിനേഷൻ നൽകുക.
ടാസ്‌ക് ഫോഴ്സ് രൂപീകരണ യോഗം നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷയായി. ദേവസ്വം, പൊലീസ്, ആരോഗ്യം, റവന്യു , ഇൻഡസ്ട്രീയൽ, പട്ടികജാതി വികസനം തുടങ്ങിയ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, കടപ്പുറം ഹെൽത്ത് സെന്റർ ഹെൽത്ത് സൂപ്പർവൈസർ കെ.കെ. ഹുസൈൻ, ഡോ. ജോസ്.ടി ജേക്കബ്ബ് എന്നിവർ സംസാരിച്ചു.