തൃശൂർ: രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി ആദ്യഘട്ട വിതരണത്തിനുള്ള വാക്സിനെത്തി. എറണാകുളം റീജ്യണൽ വാക്സിൻ സ്റ്റോറിൽ നിന്ന് 37,640 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ജില്ലാ മെഡിക്കൽ ഓഫീസ് അങ്കണത്തിൽ എത്തിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കളക്ടർ എസ്. ഷാനവാസ്, മേയർ എം.കെ. വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. കെ. ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. സതീഷ് എന്നിവർ ചേർന്ന് വാക്സിൻ ഏറ്റുവാങ്ങി.
വിതരണം 16 മുതൽ
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങളിൽ നിന്ന് 16 മുതൽ വാക്സിൻ വിതരണം ചെയ്യും. ആദ്യ ഘട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്പ് നൽകുന്നത്. രണ്ടാംഘട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിലുള്ള ഉദ്യോഗസ്ഥർക്കും മൂന്നാം ഘട്ടത്തിൽ 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും.
ഒരു ദിവസം 100 പേർക്ക്
ഒരു ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് കുത്തിവയ്പ് നൽകുന്നത്. 37,640 ഡോസ് വാക്സിൻ വന്നിട്ടുള്ളതിൽ 90 ഡോസ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കും 37,550 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവർത്തകർക്കുമാണ് നൽകുന്നത്. തിങ്കളാഴ്ച മുതൽ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വാക്സിൻ എത്തിയത് ആശ്വാസകരമാണ്. എന്നാൽ വിതരണം പൂർത്തിയാകാൻ സമയമെടുക്കും. അതുവരെ ജനങ്ങൾ ജാഗ്രത പുലർത്തണം.
- എസ്. ഷാനവാസ്, കളക്ടർ
തൃശൂർ: ജില്ലയിൽ ബുധനാഴ്ച 437 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 518 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5021 ആണ്. തൃശൂർ സ്വദേശികളായ 74 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 30 പുരുഷൻമാരും 32 സ്ത്രീകളും പത്ത് വയസിനു താഴെ 09 ആൺകുട്ടികളും 18 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ ഇതുവരെ രോഗം സ്ഥീരികരിച്ചത് 79,876 പേർക്കാണ്. 74,295 പേരെയാണ് രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ഇന്നലെ
സമ്പർക്കം വഴി രോഗബാധ - 424
ആരോഗ്യ പ്രവർത്തകർക്ക് - 02
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത് - 04
രോഗ ഉറവിടം അറിയാത്തത് - 07
സ്‌ക്രീനിംഗിന് വിധേയമാക്കിയത് - 480