കൊടുങ്ങല്ലൂർ: ആചാരക്കതിനകൾ മുഴങ്ങി. ശ്രീകുരുംബക്കാവിൽ താലപ്പൊലി ചടങ്ങുകൾക്ക് ആരംഭം. താലപ്പൊലി മഹോത്സവത്തിന് ബുധനാഴ്ച വൈകീട്ട് മകര സംക്രാന്തി സായംസന്ധ്യയിൽ 1001 കതിന വെടികൾ മുഴങ്ങിയതോടെ തുടക്കമായി. ഭക്തജനങ്ങൾക്കും ഉത്സവപ്രേമികൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്സവാഘോഷമാണ് ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്നത്.
വൈകീട്ട് ദീപാരാധനയോടെ ശ്രീകോവിലിൽ നിന്ന് അടികൾ പകർന്ന് നൽകിയ അഗ്‌നി ഉപയോഗിച്ച് അവകാശികൾ 1001 കതിനകൾക്ക് തിരികൊളുത്തിയതോടെയാണ് നാലു ദിവസത്തെ താലപ്പൊലി ആഘോഷങ്ങൾക്ക് ആരംഭമായത്. കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായ വലിയ തമ്പുരാന് കാഴ്ചക്കുല സമർപ്പണവും, ആനച്ചമയ പ്രദർശനവും ആചാരപൂർവ്വം നടന്നു.
ചൊവ്വാഴ്ച രാവിലെ ദേവസ്വം ഉദ്യോഗസ്ഥരായ അസി. കമ്മിഷണർ സുനിൽ കർത്ത, മാനേജർ എന്നിവരുടെ നേതൃത്തിലായിരുന്നു ജീവനക്കാരുടെ കാഴ്ചക്കുല സമർപ്പണം. പുതിയ കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാനായി സ്ഥാനാരോഹണം നടത്തിയ കുഞ്ഞുണ്ണി രാജ മുമ്പാകെ നഗരത്തിലെ കോവിലത്തെത്തിയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും കാഴ്ചയ്ക്കുലയും പുടവയും സമർപ്പിച്ചത്.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആനച്ചമയ പ്രദർശനം. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ ഭക്തി സാന്നിദ്ധ്യം കുറവായിരുന്നു. ഇതിനിടെ ആചാരപൂർവ്വമുള്ള സംഘക്കളി ക്ഷേത്രസന്നിധിയിൽ അരങ്ങേറി.