കയ്പമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ എടത്തിരുത്തിയിൽ വ്യാപക കൃഷിനാശം. പൈനൂർ, പല്ല, മാണിയം താഴം എന്നീ പാടശേഖരങ്ങളിൽ വെള്ളം കയറി ഏക്കർ കണക്കിന് നെൽക്കൃഷിയാണ് നശിച്ചത്.
പത്ത് വർഷത്തോളമായി തരിശ് കിടന്നിരുന്ന പൈനൂർ പാടത്ത് ഇക്കുറി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 15 ഏക്കറോളം നെൽക്കൃഷിയിറക്കിയിരുന്നു. നെൽക്കൃഷി വിളവെടുക്കാനിരിക്കെയാണ് കാലം തെറ്റി പെയ്ത മഴയിൽ കൃഷി വെള്ളത്തിലായത്. പല്ലയിലും, മാണിയം താഴം പാടത്തും ഇതേ അവസ്ഥയിൽ വെള്ളം നിറഞ്ഞു നിൽക്കുകയാണ്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം പൈനൂർ പാടത്ത് ഒഴുകി പോകാൻ വഴിയില്ലാതെ കെട്ടി നിൽക്കുന്ന അവസ്ഥയിലാണ്. വേനൽക്കാലത്ത് പുഴയിൽ നിന്ന് പുളിവെള്ളം കയറാതിരിക്കാൻ ചിറകെട്ടിയതു മൂലം വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായി. പാടത്ത് വെള്ളം നിറഞ്ഞതോടെ പരിസര പ്രദേശങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്.