കയ്പമംഗലം: എടത്തിരുത്തിയിൽ കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞ് കൃഷിനാശം ഉണ്ടായ സംഭവത്തിൽ സത്വര നടപടികളുമായി പഞ്ചായത്തും കൃഷി വകുപ്പും. എടത്തിരുത്തി പൈനൂർ, പല്ല പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ നെൽക്കൃഷി പാടെ മുങ്ങിയത്.

വിളവെടുക്കാറായ നെൽക്കൃഷി മുങ്ങിയതോടെ അധികൃതർ പ്രശ്‌നപരിഹാരത്തിനായി അടിയന്തര നടപടികളുമായി രംഗത്തെത്തി. വേനൽക്കാലത്ത് പുഴയിൽ നിന്ന് ഉപ്പ് വെള്ളം പാടശേഖരങ്ങളിലേക്ക് കയറാതിരിക്കാൻ ചിറക്കെട്ടിയതു മൂലമാണ് വെള്ളം ഒഴുകിപ്പോകാത്തത്. ചിറപൊട്ടിച്ചാൽ പാടശേഖരങ്ങളലേക്ക് ഉപ്പുവെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ ഈ ഭാഗത്ത് നിന്ന് 200 എച്ച്.പിയുടെ മോട്ടോർ ഉപയോഗിച്ച് ഇപ്പോൾ വെള്ളം പമ്പ് ചെയ്യുകയാണ്.

കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബുവും, കൃഷി ഓഫീസർ സി.എം. റുബീനയും സന്ദർശിച്ച ശേഷമാണ് അടിയന്തര നടപടി സ്വീകരിച്ചത്.