തൃശൂർ: പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഇഷ്ട താരങ്ങൾ എത്തി. ആരാധകർ ആവേശം കൊണ്ടു മതിമറന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടിയ തിയറ്ററുകളിൽ ഇന്നലെ തമിഴ് സൂപ്പർ സ്റ്റാർ വിജയ് യുടെ ചിത്രമാണ് പ്രദർശനത്തിന് എത്തിയത്.
എല്ലാ തിയറ്ററുകളിലും ആദ്യ ദിനം ഹൗസ് ഫുൾ ആയിരുന്നു. ഒന്നിടവിട്ട ഇരിപ്പിടങ്ങളിൽ മാത്രമാണ് സിനിമ കാണാൻ അനുവദിച്ചിരുന്നത്. ഇതിനാൽ പലർക്കും കാണാനാകാതെ നിരാശരായി മടങ്ങേണ്ടി വന്നു. റിസർവേഷൻ ചൊവ്വാഴ്ച തന്നെ തുടങ്ങിയിരുന്നു. പ്രദർശനം ആരംഭിച്ചതോടെ ആർപ്പു വിളികളോടെയാണ് വരവേറ്റത്. സ്‌ക്രീനിലേക്ക് പൂക്കൾ എറിഞ്ഞും പോപ്പ് പൊട്ടിച്ചുമാണ് ആവേശം സൃഷ്ടിച്ചത്.
വിജയ്, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. രണ്ടു പേരുടെയും ഫാൻസുകാരാണ് കൂടുതലും ആദ്യ ദിനത്തിൽ എത്തിയത്. ആരാധകരുടെ അമിതാവേശം തണുപ്പിക്കാൻ പൊലീസിന് നന്നേ പാടുപെടേണ്ടി വന്നു. അടുത്ത ആഴ്ച ജയസൂര്യയുടെ വെള്ളം റിലിസ് ചെയ്യുന്നുണ്ട്
പൊരിച്ചു, കിടിലൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമ കണ്ട് ഇറങ്ങിയ ആരാധകരുടെ പ്രതികരണം പൊരിച്ചു എന്നായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ റിലീസ് ചെയ്താലും ബിഗ് സ്‌ക്രീനിൽ കാണുന്ന ഇമ്പം ഇല്ലെന്ന് കടുത്ത വിജയ് ഫാൻ ആയ വലക്കാവ് സ്വദേശി വിമൽ പറഞ്ഞു.