ചാലക്കുടി: നഗരസഭയിലെ മാസ്റ്റർ പ്ലാനിന്റെ കരട് രേഖയിൽ മാറ്റം വേണമെന്ന ആവശ്യത്തിൽ വ്യാഴാഴ്ച സർക്കാരിൽ അപേക്ഷ നൽകും. ചെയർമാൻ വി.ഒ. പൈലപ്പന്റെ നേതൃത്വത്തിലാണ് കൗൺസിൽ തീരുമാന പ്രകാരമുള്ള അപേക്ഷ സർക്കാരിന് നൽകുക. പ്ലാനിലെ ഭേദഗതിയിൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ രണ്ടുമാസത്തെ സാവകാശം വേണമെന്നാണ് അപേക്ഷയുടെ ഉള്ളടക്കം.
കൊവിഡ് നിയന്ത്രണത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു നേരത്തെ ഇതിനായി സമയം അനുവദിച്ചിരുന്നത്. പരാതിയും നിർദ്ദേശങ്ങളുമില്ലാത്തതിനാൽ പിന്നീട് കരട് രേഖ സർക്കാർ അംഗീകാരം നൽകി ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. വി.ഒ. പൈലപ്പൻ തന്നെ ചെയർമാനായിരുന്ന 2013ലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ നടപടികൾ ആരംഭിച്ചത്. അന്നത്തെ പ്ലാൻ തന്നെയാണ് ഇപ്പോൾ വള്ളിപുള്ളി തെറ്റാതെ സർക്കാർ അംഗീകരിച്ചത്. അക്കാലത്ത് തങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി തയ്യാറാക്കപ്പെട്ട പ്ലാനിൽ കാതലായ മാറ്റങ്ങൾ വേണമെന്നാണ് കഴിഞ്ഞ കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. ഭരണപക്ഷമായിരുന്ന എൽ.ഡി.എഫും ഭേദഗതി വേണമെന്ന് ആവശ്യക്കാരായിരുന്നു. എന്നിട്ടും ഭേദഗതിയുണ്ടാകാത്തിനു പിന്നിൽ നഗരസഭ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് തകർത്താടിയ കുറുമുന്നണിയുടെ സ്വാധീനമാണെന്ന് ആരോപണം ഉയർന്നിരുന്നു. സി.പി.എം, സി.പി.ഐ, കോൺഗ്രസ് കൗൺസിലർമാരും നേതാക്കാളും കൂടികലർന്ന അവിശുദ്ധ കൂട്ടുകെട്ടാണ് മാസ്റ്റർ പ്ലാൻ അടക്കമുള്ള പല പദ്ധതികളും പൊളിഞ്ഞതെന്നും അങ്ങാടിപ്പാട്ടാവുകയും ചെയ്തു. ഇതിന്റെ അനന്തരഫലമായിരുന്നു നഗരസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവിയും.