electric-line

തൃശൂർ: ഉയർന്ന വോൾട്ടേജ് പ്രവഹിക്കുന്ന വൈദ്യുത കമ്പികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷർ യൂണിറ്റ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. വലിയ അപകടത്തിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ക്രഷർ യൂണിറ്റ് അടച്ചുപൂട്ടാനുള്ള നടപടി നീളുന്നു. പവർ ഗ്രിഡ് കോർപ്പറേഷൻ അധികൃതരും ക്രഷർ യൂണിറ്റ് ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് നടപടി നീളുന്നതിന് കാരണമെന്ന് ആരോപണം. മാടക്കത്തറ പഞ്ചായത്തിലെ പാണ്ടിപറമ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷർ യൂണിറ്റാണ് ഗ്രാമവാസികൾക്ക് ആശങ്കയായത്. വലിയ ക്വാറിയോട് ചേർന്നാണ് ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നത്. അപകടകരാമയ സാഹചര്യത്തിൽ ക്രഷർ, ക്വാറി യൂണിറ്റുകൾ പ്രവർത്തിക്കാൻ പാടില്ലെന്ന നിർദ്ദേശത്തോടെ അധികൃതർ പുറത്തിറക്കിയ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം. ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾക്ക് കീഴെ മുൻകരുതലുകളൊന്നും കൂടാതെ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നത് അപകടത്തിനിടയാക്കുമെന്നും പ്രവർത്തനം നിർത്താൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കളക്ടറായിരുന്ന ടി.വി അനുപമയ്ക്ക് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ പരാതി നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് തുടർ നടപടിയുണ്ടായില്ല. ക്രഷർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു പവർ ഗ്രിഡ് ജനറൽ മാനേജർ റോസമ്മ തോമസിന്റെ പ്രതികരണം.

ഗ്രാമവാസികളുടെ ജീവൻ വച്ച് പന്താടാൻ സ്വകാര്യ ക്രഷർ യൂണിറ്റിനെയും പവർ ഗ്രിഡ് അധികൃതരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും പവർ ഗ്രിഡിന്റെയും ഭാഗത്തു നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ദുരന്തങ്ങൾ സംഭവിച്ചതിനുശേഷം മാത്രം ഉണർന്നുപ്രവർത്തിക്കുന്ന രീതിയിൽ നിന്ന് മാറി ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയും മുൻകരുതലുമാണ് സ്വീകരിക്കേണ്ടത്. പ്രദേശവാസികളെ പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും

റിഷി പൽപ്പു,

സംസ്ഥാന വൈസ് പ്രസിഡന്റ്

ഒ.ബി.സി മോർച്ച