തൃശൂർ: ഇളവ് നൽകാത്തതിനെ തുടർന്ന് ഫീസ് അടയ്ക്കാതിരുന്ന രക്ഷിതാക്കളോടുള്ള പ്രതികാരമായി കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ നിഷേധിച്ചതായി പരാതി. ഇയ്യാൽ നിർമ്മലമാത സ്‌കൂളിലെ നൂറിലേറെ വിദ്യാർത്ഥികൾക്കാണ് ഫീസ് അടക്കാത്തതിന്റെ പേരിൽ ക്ലാസ് നിഷേധിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അമ്പത് ശതമാനം ട്യൂഷൻ ഫീസ് ഇനത്തിൽ ഇളവ് നൽകണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. പി.ടി.എ, ആർട്‌സ്, സ്‌പോർട്സ്, സ്‌പെഷ്യൽ ഫീസ്, കമ്പ്യൂട്ടർ ഫീസ്, സ്മാർട്ട് ഫീസ് എന്നിങ്ങനെ ഈടാക്കുകയും അതിൽ നിന്ന് കുറയ്ക്കാമെന്നുമായിരുന്നു കൊവിഡ് കാലത്തും മാനേജ്‌മെന്റ് പറഞ്ഞിരുന്നതത്രെ. ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് ക്ലാസ് നിഷേധിച്ചത്.
ഫീസ് അടയ്ക്കാത്തവരോട് ടി.സി വാങ്ങിപ്പോകാനും ഇവർ പറഞ്ഞതായി പറയുന്നു. ഇതിനകം നിരവധി കുട്ടികൾ ക്ലാസ് നിഷേധിച്ചതിലും അമിതമായ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനെയും തുടർന്ന് ഇവിടെ നിന്ന് മാറി. 25000 ലേറെ രൂപ ഡോണേഷൻ നൽകിയാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരിക്കുന്നത്. എന്നാൽ ടി.സി വാങ്ങി പോകുമ്പോൾ ഡോണേഷൻ തിരിച്ചു നൽകാൻ സാധിക്കില്ലെന്ന നിലപാടാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചതെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഒത്തു തീർപ്പെന്ന നിലയിൽ മാനേജ്‌മെന്റിനെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ച് ചർച്ച നടത്തിയെങ്കിലും മൊത്തം ഫീസിന്റെ 25 ശതമാനം കുറയ്ക്കാമെന്ന നിലാപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. കുട്ടികളുടെ അദ്ധ്യയനം മുടങ്ങാതിരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. 900 വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്.
വാർത്താസമ്മേളനത്തിൽ റെനിൽ, അബ്ദുൾ മനാഫ്, രാഗി ഷാബു, ചാന്ദ്‌നി രാകേഷ്, ധനേഷ് എന്നിവർ പങ്കെടുത്തു.