മാള: മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാസ ചതയം ആഘോഷം രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. ഈ മാസം 16 ന് 267 മാസ ചതയാഘോഷം പിന്നിടുകയാണ്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ 20 വർഷം മുമ്പ് സച്ചിദാനന്ദ സ്വാമിയുടെ കാർമ്മികത്വത്തിൽ സംഘടിപ്പിച്ച ധ്യാനത്തിന്റെ തുടർച്ചയായാണ് ചതയ ദിനത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും സമൂഹാർച്ചനയും പ്രഭാഷണങ്ങളും പ്രസാദ വിതരണവുമാണ് നടക്കുന്നത്.

തുടർച്ചയായി എല്ലാ മാസവും ചതയദിനത്തിൽ ഗുരു ഭക്തരുടെ ഒത്തുചേരലിന് ട്രസ്റ്റ് നേതൃത്വം നൽകും. സച്ചിദാനന്ദ സ്വാമിയുടെ സന്ദേശം ഉൾക്കൊണ്ടാണ് ട്രസ്റ്റ് മാസ ചതയം ആഘോഷത്തിന് തുടക്കം കുറിച്ചത്. ശനിയാഴ്ച രാവിലെ പത്തിന് ട്രസ്റ്റിന്റെ സംരംഭമായ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയുടെ ക്വാർട്ടേഴ്‌സ് സ്ഥലത്ത് വിപുലമായ ചടങ്ങുകളാണ് ഒരുക്കുന്നത്. ചടങ്ങുകൾക്ക് സ്വാമി സച്ചിദാനന്ദ മുഖ്യ കാർമ്മികത്വം വഹിക്കും.

ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, സെക്രട്ടറി പി.കെ. സാബു, മാസ ചതയ ചടങ്ങുകളുടെ ജനറൽ കൺവീനർ വി.എസ്. കർണൽ സിംഗ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, വനിതാ- യുവജന വിഭാഗങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം വഹിക്കും. ഗുരു പൂജ, സമൂഹ പ്രാർത്ഥനയും അർച്ചനയും, പ്രഭാഷണം, പ്രസാദ ഊട്ട് എന്നിവ നടക്കും.