shaju
എ.ഡി. ഷാജു

തൃശൂർ: ലോക്ക് ഡൗണിൽ അഞ്ചു പുസ്തകങ്ങൾ എഴുതിയ അദ്ധ്യാപകൻ എ.ഡി. ഷാജു ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി. ദേവമാത സ്‌കൂളിലെ പ്ലസ്ടു അദ്ധ്യാപകനായ ഷാജു മാർച്ച് 25 മുതൽ ഏപ്രിൽ 24 വരെ ലോക്ഡൗൺ കാലത്ത ഒരു മാസത്തിനുള്ളിലാണ് മലയാള ഭാഷയിൽ മൂല്യാധിഷ്ഠിതമായ പുസ്തകങ്ങൾ രചിച്ചത്.
അദ്ധ്യാപകരുടെ ജീവിതങ്ങൾ, മാദ്ധ്യമങ്ങൾ ഒരു മുന്നറിയിപ്പ്, മികച്ച പ്രഭാഷകൻ, മുന്തിരി വള്ളികൾ, പുതിയ ആകാശം പുതിയ ഭൂമി എന്നിവയാണ് രചനകൾ. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വിൽപ്പന നടത്തി കിട്ടിയ തുക ഉപയോഗിച്ച് ഓൺലൈൻ പഠനത്തിനായി രണ്ടു വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ വാങ്ങി നൽകിയിരുന്നു
സ്വപ്‌നം, സ്വയം അറിയാൻ ഒരു യാത്ര, തീർത്ഥാടനം, ബോധനത്തിന്റെ രസതന്ത്രം, മക്കൾക്കൊപ്പം എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 150 ഫീച്ചറുകളും 100 ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും മൂല്യാവബോധം നൽകുന്നതാണ് കൃതികൾ. കൊവിഡ് കാലത്ത് ഒരു മാസത്തിനുളളിൽ സർഗാത്മകമായ കഴിവുകൾ എഴുത്തിനായി പ്രയോജനപ്പെടുത്തിയതിനാണ് ദേശീയ അംഗീകാരമെന്ന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സ് അധികൃതർ വിലയിരുത്തി.

നെല്ലിക്കുന്ന് മേനച്ചേരി ആരോത വീട്ടിൽ ദേവസിയുടേയും മേരിയുടേയും മകനാണ് ഷാജു. ഭാര്യ: അദ്ധ്യാപികയായ ജോജിമോൾ. മക്കൾ: സോന, സനിൽ.