തൃശൂർ: കടുത്ത നഷ്ടം സഹിച്ചു സർവീസ് നടത്താൻ സ്വകാര്യ ബസുടമകൾ മടിക്കുമ്പോൾ ജില്ലയുടെ യാത്രാക്ലേശ പരിഹാരവുമായി കെ.എസ്.ആർ.ടി.സി രംഗത്ത്. ജില്ലയിലെ ഏഴ് ഡിപ്പോകളിലെയും മുഴുവൻ ബസുകളും നിരത്തിലിറക്കി കൊവിഡ് കാലത്തെ യാത്രാപ്രശ്‌നം പരിഹരിക്കാൻ പദ്ധതി തയ്യാറാക്കുകയാണ് കെ.എസ്.ആർ.ടി.സി.
നിലവിൽ സ്വകാര്യബസുകളിൽ 1200 എണ്ണത്തിൽ 35 ശതമാനം മാത്രമാണ് നിരത്തിലുള്ളത്. അതുതന്നെ ദിവസം മുഴവുൻ സർവീസില്ല. രാവിലെ ജോലിക്കാർ പോകുന്ന സമയം 15 മിനിറ്റിനുള്ളിൽ ബസുണ്ട്. പിന്നിട് വൈകീട്ടും ബസുകൾ കാണും. എന്നാൽ ഇടസമയത്ത് സർവീസുകളില്ല. ഞായറാഴ്ച ലിമിറ്റഡ് ബസുകൾ സർവീസ് തന്നെ നടത്താറില്ല. ലോക്കൽ ബസുകൾ അര മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുന്നത്.
സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സ്‌റ്റോപ്പ് സർവേ അടക്കം കോർപറേഷൻ നടത്തും. ഇതിനായി ഓരോ യൂണിറ്റിൽ നിന്നും രണ്ടുപേർ അടങ്ങുന്ന അഞ്ചു സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. പ്രാദേശിക റൂട്ടുകളും സ്വകാര്യബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിലും അടക്കം സംഘം സർവേ നടത്തും. ഒന്നും രണ്ടും ബസുകൾ ഓടുന്ന ഉൾപ്രദേശങ്ങളിൽ ബസുകളില്ലാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. രാവിലെയും വൈകീട്ടും മാത്രമാണ് അൽപ്പമെങ്കിലും ബസുകളിൽ ആളുകൾ കയറുന്നതെന്ന് ബസുടമകൾ പറയുന്നു.
കെ.എസ്.ആർ.ടി.സി തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ഗുരുവായൂർ, മാള, പുതുക്കാട് ഡിപ്പോകളിൽ നിന്നും പൂർണമായ തോതിൽ സർവീസ് ഇതുവരെ തുടങ്ങാനായിട്ടില്ല. എന്നാൽ നേരത്തെ ചെറിയ തോതിൽ തുടങ്ങിയ ഡിപ്പോകളിൽ ദിനംപ്രതി കുടുതൽ തുടങ്ങുന്നുണ്ട്. നിലവിൽ തൃശൂർ ഡിപ്പോയിൽ നിന്നുമാത്രം 45 സർവീസുകളുണ്ട്. കൊവിഡ് കാലത്ത് ആവശ്യപ്പെടുന്നിടത്ത് നിറുത്തികൊടുത്തത് കോർപറേഷന് അനുകൂലമായി മാറിയിട്ടുണ്ട്. സ്വകാര്യബസുകൾ ഒഴിവാക്കിയ മേഖലകൾ പടിച്ചെടുക്കുക കൂടി സർവീസ് തുടങ്ങുന്നതിന് പിന്നിലെ ലക്ഷ്യമാണ്. സ്വകാര്യബസുകളെ അപേക്ഷിച്ച് യാത്രാ ചാർജ് കുറവായതിനാൽ ജനത്തിന് ആശ്വാസം ഉണ്ട്.