vaccine

തൃശൂർ: കൊവിഡ് വാകിസിനേഷന് ശേഷവും കരുതലും ജാഗ്രതയും ഏറെ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ്. വാക്‌സിൻ സ്വീകരിക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്ന് നിർദ്ദേശം. ജില്ലയിൽ ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് മുന്നോടിയായി നടത്തിയ ഓൺലൈൻ വർക് ഷോപ്പിലാണ് ആരോഗ്യ പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്.

വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാലും മാസ്‌ക് നിർബന്ധമായി ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ജില്ലയിൽ 16 നാണ് വാക്‌സിൻ വിതരണം നടക്കുക.

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായി 36,740 ഡോസ് മരുന്നാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനാണ് ഓരോരുത്തർക്കും നൽകുക. ആദ്യ വാക്‌സിൻ എടുത്തശേഷം നാലാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് നൽകും. ഗർഭിണികൾ, 18 വയസിന് താഴെ പ്രായമുള്ളവർ എന്നിവർക്ക് തത്കാലം വാക്‌സിൻ നൽകില്ല. രണ്ടാം ഘട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവർക്കും മൂന്നാംഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമായവർക്കുമാണ് വാക്‌സിൻ നൽകുക. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന, വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. കെ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി.