കൊടുങ്ങല്ലൂർ: ആൾക്കൂട്ടങ്ങളും ആരവങ്ങളും കുറവായിരുന്നെങ്കിലും ആചാരപ്പെരുമയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഒന്നാം ദിവസം ഭക്തി സാന്ദ്രം. ഇന്നലെ രാവിലെ മുതൽ തെക്കൻ ജില്ലകളിൽ നിന്നുള്ള ഭക്തർ ഇരുമുടിക്കെട്ടുമായി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില നട ചവിട്ടി.
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ആൽത്തറകളിൽ കുടുംബി സമുദായക്കാർ സാവസിനി പൂജയും മലയരയൻന്മാർ കാർഷിക വിളകളും ദേവിക്ക് കാണിക്കയായി സമർപ്പിച്ചു. ആടുകളെ നടതള്ളുന്ന വഴിപാടുകളും നടന്നു. ഉത്സവത്തോട് അനുബന്ധിച്ച എഴുന്നള്ളിപ്പ് ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് ആരംഭിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ ഒരാനയെ നിറുത്തിയാണ് എഴുന്നള്ളിപ്പ് നടത്തിയത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ കിഴക്കെ നടയെത്തിയപ്പോൾ അകമ്പടിയായി രണ്ട് ആനകൾകൂടി അണിചേർന്നു. ക്ഷേത്രവളപ്പിനകത്തേക്ക് ഭക്തർക്ക് കർശന നിയന്ത്രണമുണ്ടായിരുന്നു.