ഗുരുവായൂർ: ക്ഷേത്രത്തിന് മുന്നിൽ സ്വകാര്യ കമ്പനിയുടെ പരസ്യം പതിക്കുന്നത് ഭരണ സമിതി അംഗങ്ങൾ ഇടപെട്ട് തടഞ്ഞു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് സാമൂഹിക അകലം പാലിച്ച് വരിനിൽക്കാൻ വരച്ച മഞ്ഞ വൃത്തങ്ങൾക്കുള്ളിലാണ് സ്വകാര്യ കമ്പനി പരസ്യം പതിച്ചത്. കമ്പനിക്കാർ പരസ്യം പതിച്ചു കൊണ്ടിരിക്കെ സ്ഥലത്തെത്തിയ ഭരണ സമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത് എന്നിവരാണ് പരസ്യം പതിക്കുന്നതിനെതിരെ രംഗത്തുവന്നത്. പരസ്യങ്ങൾ അടർത്തിമാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പോൾ ദേവസ്വം ചെയർമാന്റെ അനുമതിയോടെ പതിച്ച പരസ്യമാണെന്നും തങ്ങളുടെ മാനേജരെ വിവരമറിയിച്ച ശേഷം നീക്കാമെന്നുമായിരുന്നു കമ്പനിക്കാരുടെ മറുപടി. ഇതോടെ ഭരണ സമിതി അംഗം ഷാജിതന്നെ പരസ്യങ്ങൾ പറിച്ചു നീക്കി. ഹൈക്കോടതി വിധി ലംഘിക്കുന്ന വിധത്തിൽ പരസ്യ പ്രചരണത്തിന് ഭരണ സമിതി അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞാണ് അടർത്തി മാറ്റിച്ചത്.