ചാലക്കുടി: കലാകാരന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയും സജീവമാകുമ്പോഴും വേദികൾ ഇല്ലാതായതോടെ കലാപ്രവർത്തകരുടെ ജീവിതം വഴിമുട്ടി നിൽകുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രോഗ്രാമുകൾ നടത്താൻ ഇളവുകൾ അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ചർച്ച് വികാരി ജോസ് പാലാട്ടി, ശ്രീഹരി മൂക്കന്നൂർ, ടൗൺ ജുമാ മസ്ജിദ് ഇമാം ഹുസൈൻ ബാഖവി, വാർഡ് കൗൺസിലർ വി.ജെ. ജോജി, സ്വാക്ക് പ്രസിഡന്റ് ജോബി കൊടകര, ബാബു ചാലക്കുടി, കലാഭവൻ ജോബി തുടങ്ങിയവർ സംസാരിച്ചു.