തൃപ്രയാർ: നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സി.ജി. അജിത്കുമാർ, ജനറൽ സെക്രട്ടറി എൻ.കെ. ഉദയകുമാർ എന്നിവർ തൽസ്ഥാനങ്ങൾ രാജിവച്ചു. എകാധിപതികളായ നേതാക്കളുമായി സഹകരിച്ചു പോവാൻ താത്പര്യമില്ലാത്തതിനാലാണ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതെന്ന് എൻ.കെ. ഉദയകുമാർ പറഞ്ഞു. നാട്ടിക പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയ കാരണം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നാട്ടികയിൽ എറെക്കാലമായി കോൺഗ്രസ് പാർട്ടിയിൽ നടക്കുന്ന തെറ്റായ നടപടികൾ മൂലം പ്രവർത്തകർ ദുഖിതരാണെന്നും രാജിക്കത്തിൽ പറയുന്നു.

രാജിക്കത്ത് ഡി.സി.സി പ്രസിഡന്റിന് കൈമാറി. തീരദേശത്തെ മുഴുവൻ പഞ്ചായത്തുകളിലും കോൺഗ്രസ് തകർന്നടിഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ആകെ ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ്കുമാർ സ്ഥാനം നേരത്തെ രാജിവച്ചിരുന്നു. എന്നാൽ ദിലീപ്കുമാർ ലീവെടുത്തെന്നാണ് ഡി.സി.സി പ്രസിഡന്റിന്റെ അറിയിപ്പിൽ പറയുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനാണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം. അതിനാലാണ് ലീവാക്കി മാറ്റിയതെന്നാണ് എ വിഭാഗം ആരോപിക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റായിരുന്ന പി.ഐ. ഷൗക്കത്തലിക്ക് കൈമാറി. ഭാരവാഹികളുടെ രാജി തുടരുന്നത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.