congress

തൃശൂർ: ജില്ലയിലെ കോൺഗ്രസിനുള്ളിൽ നിയമസഭാ സീറ്റ് മോഹികളുടെ ചരടുവലികൾ തുടങ്ങി. കഴിഞ്ഞ തവണ വടക്കാഞ്ചേരി ഒഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടിയേറ്റിരുന്നു. 2016ൽ പതിനായിരത്തിൽ താഴെ വോട്ടിന് തോറ്റ മണ്ഡലങ്ങൾ മൂന്നെണ്ണം മാത്രമാണ്. ബാക്കി എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വൻഭൂരിപക്ഷം നേടിയിരുന്നു. യു.ഡി.എഫ് ജയിച്ച വടക്കാഞ്ചേരിയിലാകട്ടെ 43 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. പരമ്പരാഗത രീതിയിൽ ജാതി-മത സമവാക്യങ്ങളും ഗ്രൂപ്പ് അടിസ്ഥാനത്തിലും ആയിരിക്കും ഇത്തവണയും സീറ്റ് വീതം വയ്ക്കുക. സി.പി.എമ്മിനെ പോലെ പരീക്ഷണത്തിന് കോൺഗ്രസ് മുതിരുന്നില്ലെന്ന ആക്ഷേപം പാർട്ടിക്കകത്ത് ശക്തമാണ്.

മുൻകാലങ്ങളുടേതിന് സമാനമായി സീറ്റ് മോഹികളും ചരടുവലികളും അണിയറ നീക്കങ്ങളും ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. യുവാക്കളും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നതോടെ സീറ്റ് വിഭജനം പതിവുപോലെ അവസാന സമയത്തേക്ക് നീണ്ടേക്കും. തൃശൂരിൽ പത്മജ വേണുഗോപാൽ സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. അതേസമയം, മുൻ സ്പീക്കറും എം.എൽ.എയുമായ തേറമ്പിൽ രാമകൃഷ്ണനും താത്പര്യം പ്രകടപ്പിച്ചായി അറിയുന്നു. ഐ ഗ്രൂപ്പിന്റെ സീറ്റാണ് തൃശൂർ. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദിന്റെ പേരും ചർച്ചയിലുണ്ട്. ഭൂരിഭാഗം നേതാക്കളും ഒന്നിലധികം മണ്ഡലങ്ങളിൽ നോട്ടമിട്ടാണ് കരുനീക്കം നടത്തുന്നത്. വടക്കാഞ്ചേരിയിൽ അനിൽ അക്കര തന്നെയാകും രംഗത്ത്. നിലവിലെ സാഹചര്യത്തിൽ അവിടെ നിന്ന് അനിൽ അക്കര മാറിയിൽ ഇടതു പക്ഷത്തിന് ആയുധമാകുമെന്നാണ് വിലയിരുത്തൽ. മണലൂരിൽ പി.എ. മാധവൻ ശ്രമം ആരംച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒ.അബ്ദുറഹിമാൻ കുട്ടിയായിരുന്നു സ്ഥാനാർത്ഥി. ഇത്തവണ കെ.പി.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തെ പൂർണമായി ഒഴിവാക്കാനാകാത്ത സ്ഥിതി വിശേഷമുണ്ട്. ചാലക്കുടിയിൽ ടി.യു. രാധകൃഷ്ണന് പുറമെ ജോസ് വള്ളൂരും പിടിമുറുക്കുന്നു. ഒല്ലൂരിൽ ഷാജി കോടങ്കണ്ടത്തിനാണ് സാദ്ധ്യത. എന്നാൽ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് മത്സരിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ടി.ജെ. സനീഷ്‌കുമാറിന്റെ പേരും ഇവിടെ ഉയരുന്നുണ്ട്. കൊടുങ്ങല്ലൂരിൽ ഇത്തവണയും കെ.പി. ധനപാലൻ കണ്ണുവച്ചിട്ടുണ്ട്. പുതുക്കാട് ഐ.എൻ.ടി.യുസി നേതാവ് സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ടാജറ്റ് എന്നീ പേരുകളാണ് സജീവ ചർച്ചയിലുള്ളത്. സംവരണ സീറ്റുകളായ ചേലക്കരയിലും നാട്ടികയിലും കെ.വി. ദാസൻ, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, എൻ.കെ. സുധീർ എന്നിവരുടെ പേരുകളാണ് സജീവം. സി.എം.പി മത്സരിച്ചിരുന്ന കുന്നംകുളത്ത് നിന്നും സി.പി.ജോൺ മാറാൻ താത്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു. അങ്ങനെ വന്നാൽ ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും. ഗുരുവായൂരിൽ ലീഗും കയ്പമംഗലത്ത് ആർ.എസ്.പിയുമാണ് കഴിഞ്ഞതവണ മത്സരിച്ചത്.