vaccine

കേരളത്തിന്റെ പൊതുജനാരോഗ്യസംവിധാനം അന്നും ഇന്നും എന്നും ഏറെ പ്രശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കത്തിൽ രോഗത്തെ കുറേയൊക്കെ പിടിച്ചുകെട്ടിയതും ആ സംവിധാനത്തിന്റെ മികവുകൊണ്ടു കൂടിയാണ്. ആശാ വർക്കർ മുതൽ മെഡിക്കൽ കോളേജിലെ അതിവിദഗ്ദ്ധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വരെ നീളുന്ന സംവിധാനവും ഈ ജീവനക്കാരെയെല്ലാം ഒറ്റച്ചരടിൽ കോർക്കുന്ന ഭരണപാടവവും പ്രശംസ നേടി. പക്ഷേ, ആഘോഷങ്ങളും തിരഞ്ഞെടുപ്പിന്റെ കോലാഹലവും എല്ലാം തകിടം മറിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. ഇപ്പോൾ, വാക്സിൻ എത്തിയിരിക്കുന്നു. അത് വിതരണം ചെയ്യുന്ന സംവിധാനങ്ങളും അടിവരയിടേണ്ടതു തന്നെ. പക്ഷേ, വാക്സിനേഷൻ കൊവിഡിന് മാത്രം മതിയോ? പോരാ എന്നാണ് സർക്കാർ ആശുപത്രികളിലെ മുറപോലെ നടക്കുന്ന ചില കാര്യങ്ങളും ചില ജീവനക്കാരുടെ മനോഭാവവും കണ്ടാൽ തോന്നുക.

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് വരിക. അവിടെ അയൽജില്ലക്കാരായ കാൻസർ രോഗികൾക്ക് ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങാനാകുന്നത് നേരമിരുട്ടുമ്പോൾ മാത്രമാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് വയോധികരാണ് മെഡിക്കൽ കോളേജിൽ നട്ടംതിരിയുന്നത്. പുലർച്ചെ അഞ്ച് മുതൽ ആശുപത്രിയിൽ ഒ.പി. ടോക്കൺ നൽകും. അന്നേരം എത്തുന്ന ഇവർക്ക് തിരക്ക് കാരണം ഡോക്ടറെ കാണാനാകുന്നത് ഉച്ചയ്ക്ക് ശേഷമാകും. ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുമ്പോൾ പിന്നെയും വൈകും.

രാത്രി ഉറങ്ങാൻ കഴിയാതെയും പുലർച്ചെ മുതലുള്ള മണിക്കൂറുകളുടെ കാത്തിരിപ്പും മൂലവും പലർക്കും വീട്ടിലേക്ക് തിരിച്ച് യാത്ര ചെയ്യാനും വയ്യാതെയാകും. മെഡിക്കൽ കോളേജ് കാൻസർ ഒ.പി.യിലെത്തുന്നത് പ്രതിദിനം മുന്നൂറോളം രോഗികളാണ് സീനിയർ ഡോക്ടറും രണ്ടോ മൂന്നോ അസിസ്റ്റന്റ് ഡോക്ടർമാരും ചേർന്നാണ് ഇവരെ പരിശോധിക്കുന്നത്. കീമോതെറാപ്പി ചെയ്യേണ്ട രോഗിയാണെങ്കിൽ ആശുപത്രിയിൽ നിന്ന് തിരികെ പോകുമ്പോൾത്തന്നെ രാത്രിയാകും. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ സാധിക്കാത്തവരും കാൻസർ രോഗികളുടെ കൂട്ടത്തിലുണ്ട്. രാത്രിയിൽ വീട്ടിൽ നിന്ന് പുറപ്പെടുന്ന രോഗികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല, ഉയർന്ന പണച്ചെലവുമുണ്ട്. വീട്ടിൽ നിന്ന് പുറപ്പെടുന്ന സമയം പാതിരാത്രിയായതിനാൽ നിർദ്ധന രോഗികൾ ടാക്‌സി വിളിച്ചാണ് വരുന്നത്. ഭക്ഷണച്ചെലവും കരുതണം. ഡോക്ടറെ കാണുന്നതിന് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയാൽ അധിക സമയം കാൻസർ രോഗികൾ ആശുപത്രിയിൽ ചെലവിടേണ്ടി വരില്ല. കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ രോഗികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ ചികിത്സയും പരിശോധനയും കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടാക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നിട്ടുണ്ടെങ്കിലും ആരും ഇതേവരെ ഗൗനിച്ചിട്ടില്ല.

ചുവപ്പുനാടകൾ ബാക്കി
എം.ആർ.ഐ സ്‌കാനിംഗിനുളള സൗകര്യം പോലും ഒരുക്കിയിട്ടുമില്ല. സ്വകാര്യസ്ഥാപനവുമായുളള കരാർ പ്രകാരമാണ് മെഡിക്കൽ കോളേജിൽ സ്കാനിംഗ് നടക്കുന്നത്. ഇത് നിർദ്ധന രോഗികൾക്ക് ഗുണകരമല്ല. സ്‌കാനിംഗ് യന്ത്രം ഉടൻ വരുമെന്ന പ്രതീക്ഷയിലാണ് രോഗികൾ. ഇനി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ കാര്യവും അതുപോലെ തന്നെ. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 285 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് 2018 ഡിസംബറിലായിരുന്നെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ല. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉടൻ യോഗം ചേരുമെന്നാണ് സൂചന. കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർ നടപടികളുണ്ടായില്ല. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി അംഗീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇതിനു കാരണം. അടുത്തിടെയാണ് ഫണ്ടനുവദിക്കാനുള്ള രേഖകൾ കിഫ്ബിക്ക് നൽകിയത്. സ്വകാര്യ ഏജൻസിയായിരുന്നു പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥലപരിശോധന മുതൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അംഗീകാരം വരെയുള്ള നടപടികളാണ് പൂർത്തിയാക്കാനുണ്ടായിരുന്നത്. നിലവിലുള്ള ബ്ലോക്കിൽ സ്ഥലപരിമിതിയുണ്ട്.

ബ്‌ളോക്ക് യാഥാർത്ഥ്യമായാൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോളജി, ന്യൂറോസർജറി, കാർഡിയോളജി, ഉദരരോഗ വിഭാഗം, യൂറോളജി, നെഫ്രോളജി, പ്‌ളാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലെ ചികിത്സ മാത്രമല്ല അക്കാഡമിക് മേഖലകളിലും ഗുണകരമാകും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ന്യൂറോസർജറിയും കാർഡിയോളജിയും ഒഴികെയുള്ള ചികിത്സ വിഭാഗങ്ങളെല്ലാം മറ്റു വകുപ്പുകളുടെ കീഴിലാണ് നടക്കുന്നത്.

ജീവനക്കാരുടെ മനോഭാവം മാറുമോ?

നാല് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം തൃശൂർ ജില്ലയിലെ 62 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നവീകരണ, വികസന പദ്ധതികൾ പൂർത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പദവി കൈവരിച്ചു കഴിഞ്ഞു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടാൻ ജില്ലയിലെ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ഒരു നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനും കഴിഞ്ഞു. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യൂ.എ.എസ്) എന്ന മൂല്യനിർണയ സംവിധാനം വഴി സൗകര്യം വിലയിരുത്തിയാണ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നത്. വേലൂർ, മുണ്ടൂർ, ദേശമംഗലം, തളിക്കുളം, പുന്നയൂർ, നെന്മണിക്കര എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും, ആനാപ്പുഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമായിരുന്നു ഈ അംഗീകാരം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമ്പോൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളേറെയാണ്. ചികിത്സ കാത്ത് ആർക്കും ആരോഗ്യ കേന്ദ്രങ്ങളിൽ നിൽക്കേണ്ടി വരില്ല. വേണ്ടത്ര ഇരിപ്പിടങ്ങൾ രോഗികൾക്കായി പരിശോധനാ മുറിക്ക് പുറത്ത് നിരത്തിയിട്ടുണ്ട്. ടോക്കണെടുത്ത് കാത്തിരിക്കാം. വൃത്തിയുള്ള ശൗചാലയങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരെക്കൂടി പരിഗണിച്ച് ആവശ്യമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ കൗണ്ടറുകളും പ്രവർത്തിക്കുന്നു. പേരുവിവരങ്ങൾ കൊടുക്കുന്നതോടെ രോഗി ആരോഗ്യകേന്ദ്രത്തിൽ നിരീക്ഷണത്തിലാകും. നിരന്തരം ആരോഗ്യ പരിശോധന ആവശ്യമുള്ളവരെ അങ്ങോട്ട് വിളിച്ച് ഓർമ്മിപ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ കുറേ പൊൻതൂവലുകളുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അതിപ്രസരമുളള തൊഴിലാളി സംഘടനകളുടെ പിൻബലവും സർക്കാർ ജോലിയുടെ അഹന്തയുമുള്ള ജീവനക്കാർ സർക്കാർ ആശുപത്രികളിൽ കൂടിവരികയാണെന്ന് പറയുന്ന രോഗികളേറെയുണ്ട്. സ്വാധീനവും അധികാരവുമുള്ളവരോടുളള പെരുമാറ്റമല്ല, പാവപ്പെട്ട രോഗികളോട് ഇവർക്കുളളത്. എല്ലാവരും മനുഷ്യരാണെന്നും രോഗാവസ്ഥയുമായി എത്തുന്നവരെ സമാശ്വസിപ്പില്ലെങ്കിലും കൂടുതൽ രോഗികളാക്കുന്ന സമീപനത്തിന്റെ വേരറുക്കേണ്ട കാലം കഴിഞ്ഞു.