തൃശൂർ: പാതിവഴിയിൽ ഹൈസ്‌കൂൾ പഠനം നിറുത്തിയവർക്ക് തുടർപഠനത്തിന് വഴിയൊരുക്കി പൊലീസിന്റെ ഹോപ് ലേണിംഗ് സെന്ററുകൾ. ഭാഷയിലും ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമല്ല തൊഴിൽ പരിശീലനത്തിലും ഊന്നൽ നൽകിയാണ് പ്രവർത്തനം. സിറ്റി റൂറൽ പൊലീസ് മേഖലകൾക്ക് കീഴിൽ കഴിഞ്ഞ വർഷം 58 കുട്ടികൾക്കാണ് ലേണിംഗ് സെന്ററിൽ ക്ലാസുകൾ ലഭിച്ചത്. ഇതിൽ സംസ്ഥാന സിലബസിൽ പരീക്ഷ എഴുതിയ 18ൽ 17 പേരും വിജയിച്ചു. നാഷണൽ ഓപ്പൺ സ്‌കൂളിനു കീഴിൽ പഠിച്ച 40 പേർ പരീക്ഷ എഴുതാനുണ്ട്.
സിറ്റി, റൂറൽ കേന്ദ്രങ്ങൾ
ജില്ലയിൽ റൂറൽ മേഖലയിൽ ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, വലപ്പാട്, ചാലക്കുടി, പുതുക്കാട്, വരന്തരപ്പിള്ളി, മാള എന്നീ എട്ട് ഹോപ് ലേണിംഗ് സെന്ററുകളുണ്ട്. സേ പരീക്ഷകളിൽ പരാജയപ്പെട്ട 115 പ്ലസ് ടു വിദ്യാർത്ഥികൾക്കും 15 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും ഇവിടെ ക്ലാസുകൾ നൽകുന്നു. തൃശൂർ സിറ്റി പൊലീസിന് കീഴിൽ കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ എന്നീ മൂന്ന് ഹോപ്പ് ലേണിംഗ് സെന്ററുകളിലായി 31 പ്ലസ് ടു വിദ്യാർത്ഥികൾക്കും 24 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ നൽകുന്നത്. വിദ്യാർത്ഥികൾക്ക് എളുപ്പം എത്തുന്നതിനും ദൂരം കുറയ്ക്കുന്നതിനുമാണ് ലേണിംഗ് സെന്ററുകളുടെ എണ്ണം വർദ്ധിപ്പിച്ചത്.
പ്രതീക്ഷാനാളം
സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. 'ഹെൽപ്പിംഗ് അതേർസ് ടു പ്രൊമോട്ട് എഡ്യുക്കേഷൻ' എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കുറ്റകൃത്യങ്ങളിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാനും ലക്ഷ്യമിടുന്നു. വിദഗ്ദ്ധ പരിശീലനത്തിലൂടെ പരീക്ഷകളെ അതിജീവിക്കാനും ജീവിതത്തിൽ മുന്നേറാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു ഹോപ് ലേണിംഗ് സെന്ററുകൾ.
റിസോഴ്‌സ് പേഴ്‌സൺമാർ
തൃശൂരിൽ പഴയ നടക്കാവിലും ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലുമായിരുന്നു ആദ്യത്തെ ലേണിംഗ് സെന്ററുകൾ. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു. റൂറൽ ലേണിംഗ് സെന്ററുകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 റിസോഴ്‌സ് പേഴ്‌സൺമാരും സിറ്റി ലേണിംഗ് സെന്ററുകളിൽ നാല് റിസോഴ്‌സ് പേഴ്‌സൺമാരുമാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കുന്നത്. കൊവിഡ് 19 രോഗവ്യാപനം നിലനിന്നിരുന്നതിനാൽ ഡിസംബർ 31 വരെ ഓൺലൈനിലൂടെയായിരുന്നു ക്ലാസുകൾ.
മറ്റ് പരിശീലന ക്ലാസുകൾ