vaccine

പൂർണസജ്ജരായി ആരോഗ്യ വകുപ്പ്, ആദ്യം സ്വീകരിക്കുന്നത് ഡി.എം.ഒ

തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയായ തൃശൂരിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ഇന്ന് ആരംഭിക്കും. വാക്‌സിൻ വിതരണത്തിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ: കെ.ജെ. റീന, നോഡൽ ഓഫീസർ ഡോ. കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു. ഡി.എം.ഒ: കെ.ജെ. റീനയാണ് ആദ്യ ഡോസ് സ്വീകരിക്കുക. സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. ആഴ്ചയിൽ നാലു ദിവസമാണ് വാക്‌സിൻ നൽകുന്നത്. 23 ദിവസം കൊണ്ട് ആദ്യ ഡോസ് നൽകുന്നത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം നൽകും.
വാക്സിൻ സ്വീകരിച്ചവരെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കും. എതെങ്കിലും തരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിച്ച ശേഷം മാത്രമേ വാക്‌സിനെടുത്തവരെ പുറത്ത് വിടുകയുള്ളു. കർശന സുരക്ഷ ക്രമീകരണങ്ങളാണ് വാക്‌സിൻ നൽകുന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. വാക്‌സിൻ നൽകുന്ന മുറിക്കുള്ളിൽ ഒരാൾക്ക് മാത്രമാകും പ്രവേശനം. ഓൺലൈൻ രാജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുന്നത്. വാക്‌സിൻ സ്വീകരിക്കേണ്ട സ്ഥലവും തീയതിയും രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട ദിവസവുമെല്ലാം മൊബൈൽ സന്ദേശം വഴിയാണ് നൽകുക. ജില്ലയിൽ സർക്കാർ സ്വകാര്യ മേഖലകളിലായി 35000 ത്തോളം ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന 16000ത്തിലധികം പേർക്കാണ് ആദ്യഘട്ടം നൽകുന്നത്.

വാക്‌സിനേഷൻ നൽകുന്ന കേന്ദ്രങ്ങൾ ആദ്യ ഘട്ടത്തിൽ - 9

മെഡിക്കൽ കോളേജ്
തൃശൂർ ജനറൽ ആശുപത്രി
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി
അമല മെഡിക്കൽ കോളേജ്
ഒല്ലൂർ വൈദ്യര്തനം ആയുർവേദ കോളേജ്
വേലൂർ പ്രഥാമികാരോഗ്യ കേന്ദ്രം
പെരിഞ്ഞനം കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി
ചാലക്കുടി താലൂക്ക് ആശുപത്രി

വാക്‌സിനേഷൻ ഓഫീസർമാർ
ഓരോ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും അഞ്ച് വാക്‌സിനേഷൻ ഓഫീസർ, ഒരു വാക്‌സിനേറ്റർ എന്നിവർ ഉണ്ടാകും . കൂടാതെ ഒരു മെഡിക്കൽ ഓഫീസറെയും നീരക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.


ജില്ലയിൽ ആദ്യമായി വാക്‌സിനെടുക്കാൻ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു. ആരോഗ്യപ്രവർത്തകയെന്ന നിലയിൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ യാതൊരു വിധ സമ്മർദ്ദമോ മറ്റോ തനിക്കില്ല

- കെ.ജെ.റീന, ഡി.എം.ഒ

സ്വയം പ്രതിരോധം വേണം
വാക്‌സിൻ എത്തിയെന്ന് കരുതി ജാഗ്രതക്കുറവ് ഉണ്ടായാൽ വലിയ വില നൽകേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ജില്ലയിലെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കുകയെന്നതിന് ഏറ്റവും ചുരുങ്ങിയത് എട്ട് മാസമെങ്കിലും വേണ്ടി വരും. ഇപ്പോൾ കൂടുതൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ ജാഗ്രത കുറക്കാനുള്ള ഇളവായി കരുതരുത്, മാസ്ക്, സാനിറ്റൈസർ എന്നിവ യഥാവിധം ഉപയോഗിക്കണം.
- എസ്. ഷാനവാസ്, കളക്ടർ