peechi
പീച്ചി ഡാം കവാടം

തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ പ്രതീക്ഷകൾക്ക് വകയുണ്ടെങ്കിലും മുൻകാല പദ്ധതികൾക്ക് തുക നീക്കിവയ്ക്കാത്തതിൽ ജില്ലയ്ക്ക് നിരാശ. വികസന പ്രവർത്തനങ്ങളുടെ പട്ടികയിൽ ജില്ലയ്ക്കും മികച്ച സ്ഥാനമുണ്ട്. നെല്ലിന്റെ തറവില ഉയർത്തിയത് കർഷകർക്ക് ആശ്വാസമാകും. കെ.എസ്.എഫ്.ഇയെ വാനോളം പുകഴ്ത്തിയാണ് ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം മുന്നോട്ടുപോയതെന്നത് തൃശൂരിന് അഭിമാനം പകർന്നു.

ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കുന്നുവെന്ന പ്രഖ്യാപനം തൃശൂരിലും ആവേശം പകരുന്നതായി. പതിനായിരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീടു നൽകുമെന്ന പ്രഖ്യാപനത്തിൽ തൃശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കും വീടുണ്ടാകും. തീരസംരക്ഷണത്തിന് നൂറു കോടിയെന്നതും പുനരധിവാസ പ്രഖ്യാപനവും തീരമേഖലയ്ക്ക് ആശ്വാസം പകരുന്നു. ലൈഫ് മിഷൻ വഴി കൂടുതൽ പേർക്ക് വീട് നിർമ്മിച്ചുനൽകുമെന്ന പ്രഖ്യാപനം ജില്ലയിലെ ഭവനരഹിതരും പ്രതീക്ഷയോടെ നോക്കിക്കാണുന്നു.

ആരോഗ്യ സർവകലാശാലയ്ക്ക് നേട്ടം

സർവകലാശാല വികസനത്തിന് കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്ന പ്രഖ്യാപനം ആരോഗ്യസർവകലാശാലയ്ക്ക് നേട്ടമാകും. ആരോഗ്യ സർവകലാശാല ഗവേഷണ വിഭാഗത്തിന് ഡോ. പൽപ്പുവിന്റെ പേര് നൽകുന്നുവെന്നതും ശ്രദ്ധേയം. തൃശൂർ മെഡിക്കൽ കോളജിനെ കാമ്പസ് മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് 420 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ തൃശൂർ മെഡിക്കൽ കോളജിനും ഗുണം ലഭിക്കും.

പീച്ചി സൗന്ദര്യവത്കരണത്തിന് 10 കോടി
പീച്ചി ഡാം സൗന്ദര്യവത്കരണത്തിന് പത്ത് കോടി ഉൾപ്പെടെ ഒല്ലൂർ മണ്ഡലത്തിൽ 121 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡുകൾ, കളി സ്ഥലങ്ങൾ എന്നിവയ്ക്കാണ് തുക കൂടുതലും. കയ്പമംഗലം മണ്ഡലത്തിൽ അഴീക്കോട്- മുനമ്പം പാലം എന്നിവ പ്രധാന പ്രഖ്യാപനമാണ്. കുന്നംകുളം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് 38.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വ്യവസായ ഇടനാഴി
മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള മംഗലാപുരം- കൊച്ചി വ്യവസായ ഇടനാഴിക്ക് ഡി.പി.ആർ തയ്യാറാക്കുമെന്നത് തൃശൂരിന് പ്രതീക്ഷ നൽകുന്നു. കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴിക്കുള്ള തുക വകയിരുത്തുന്നതും തൃശൂരിന് ഗുണകരമാകും.

പുറനാട്ടുകരയിൽ വിവേകാനന്ദ പ്രതിമ
പുറനാട്ടുകരയിൽ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ സ്മരണ പുതുക്കൽ കൂടിയായി ഈ പ്രഖ്യാപനം. അഴീക്കോട് ബീച്ചിൽ ബഹദൂർ സ്മാരക സിനിമ തിയറ്റർ,

കുത്താമ്പുള്ളിക്ക് പ്രതീക്ഷ
കൊവിഡ് മൂലം ഇഴതെറ്റിയ കുത്താമ്പുള്ളിയിലെ കൈത്തറി മേഖലയ്ക്ക് ബഡ്ജറ്റ് പ്രഖ്യാപനം പ്രതീക്ഷ നൽകുന്നു. കൈത്തറി മേഖലയ്ക്ക് 52 കോടി അനുവദിച്ചത് കുത്താമ്പുള്ളിയിലെ കൈത്തറി മേഖലയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നുണ്ട്.

പരമ്പരാഗത വ്യവസായത്തിന് ഉണർവേകുന്ന പ്രഖ്യാപനങ്ങളില്ലായെന്നത് പ്രതീക്ഷകൾ തകർക്കുന്നു. ജില്ലയിലെ മൺപാത്രം, കളിമൺ ഓട് വ്യവസായം, പാക്കിംഗ് കേസ് മേഖല, ആഭരണ, വൈരക്കൽ പോളിഷിംഗ് മേഖല, താഴപ്പായ, രാമച്ചം എന്നി മേഖലകൾക്ക് നിരാശയാണ് ഉള്ളത്.

തൃശൂർ, ഗുരുാവയൂർ മാസ്റ്റർ പ്ലാനുകളുമായി ബന്ധപ്പെട്ട് പദ്ധതികളില്ല. കഴിഞ്ഞ ബഡ്ജറ്റിൽ തടി വ്യവസായത്തിന്റെ ഹബായി ചേർപ്പ് ചൊവ്വൂരിനെ മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. ഇത്തവണയും ഫണ്ട് വകയിരുത്തിയിട്ടില്ല.