തൃപ്രയാർ: സംസ്ഥാന ബഡ്ജറ്റിൽ നാട്ടിക നിയോജക മണ്ഡലത്തിന് വൻ നേട്ടം. നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് രണ്ടാം ഘട്ടമായി മൂന്ന് കോടി കൂടി വകയിരുത്തി. നേരത്തെ വകയിരുത്തിയ അഞ്ച് കോടിക്ക് പുറമെയാണിത്. ഇതോടെ ബസ് സ്റ്റാൻഡ് നവീകരണത്തിന് എട്ട് കോടി ചെലവഴിക്കും. ഗീത ഗോപി എം.എൽ.എയുടെ പ്രത്യേക ശ്രമഫലമായാണ് തുക അനുവദിച്ചിട്ടുള്ളത്.
കൂടാതെ നാട്ടിക ഗവ. ഫിഷറീസ് സ്‌കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിനായി മൂന്ന് കോടിയും അനുവദിച്ചു. പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് രണ്ടര കോടിയും, തളിക്കുളം കലാഞ്ഞി പാലം നിർമ്മാണത്തിന് രണ്ടര കോടിയും വകയിരുത്തി. ചേനം ചേർപ്പ് പി.ഡബ്‌ളിയു.ഡി റോഡ് ഉയർത്തി പാലം പുതുക്കി പണിയുന്നതിന് നാല് കോടിയും അനുവദിച്ചു. മേൽ പദ്ധതികൾ ഉടൻ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് ഗീത ഗോപി എം.എൽ.എ പറഞ്ഞു.