ചാലക്കുടി: സംസ്ഥാന ബഡ്ജറ്റിൽ ചാലക്കുടിയിൽ ആശ്വാസകരമായ പദ്ധതികൾക്ക് പണം അനുവദിച്ചു. ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ ഗ്രൗണ്ടും അനുബന്ധ പ്രവൃത്തികൾക്കുമായി 5 കോടി രൂപ വകയിരുത്തി. കൊരട്ടി ത്വക്ക് രോഗാശുപത്രി പുതിയ ഒ.പി ബ്ലോക്ക് നിർമ്മാണത്തിന് 4 കോടി രൂപ നീക്കിവച്ചു. കലാഭവൻ മണിക്ക് സ്മാരകം നിർമ്മിക്കുന്നതിന് 3 കോടി രൂപയും നീക്കിവയ്ക്കും.
ചാലക്കുടി മണ്ഡലത്തിലെ 20 പദ്ധതികൾക്കു കൂടി സംസ്ഥാന ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചു. ചാലക്കുടിപ്പുഴയിലെ കണ്ണങ്കുഴിയിൽ സ്റ്റോറേജ് ഡാം നിർമ്മിക്കാനുള്ള അനുമതിയാണ് നേട്ടങ്ങളിലൊന്ന്. 30 കോടി രൂപയ്ക്കാണ് അനുമതി. കാടുകുറ്റി പഞ്ചായത്തിലെ തൈക്കൂട്ടം പാലം നിർമ്മാണത്തിന് 30 കോടിയും പരിയാരത്തെ മൂഴിക്കടവ് പാലത്തിനായി 40 കോടി രൂപയുടെ അംഗീകാരവും ലഭിച്ചു. പുഴയോര റോഡ് നിർമ്മാണം 10കോടി, മുനിസിപ്പൽ ജംഗ്ഷന് സമീപം പൊലീസ് കോംപ്ലക്‌സ് നിർമ്മാണത്തിന് 10കോടി, താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിട നിർമ്മാണം 5 കോടി, വെറ്റിലപ്പാറ അഗ്രോ ഇൻസ്ട്രീസ് പാർക്കിന് 10കോടി എന്നിങ്ങനെ പദ്ധതികളും ബഡ്ജറ്റിൽ ഇടം പിടിച്ചു. വി.ആർ. പുരം, വെറ്റിലപ്പാറ, കൊടകര എന്നീ ഗവ.വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങളും നിർമ്മിക്കും. ചിറങ്ങര ജെ.ടി.എസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം, ചാലക്കുടി ഫയർ സ്റ്റേഷന് പുതിയ കെട്ടിടം, റെയിൽവെ സ്റ്റേഷൻ റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് പുതിയ കോംപ്ലക്‌സ് നിർമ്മാണം എന്നിവയും ബഡ്ജറ്റിൽ ഇടംപിടിച്ചു.

..............................

അതീവ പ്രതിസന്ധി കാലഘട്ടത്തിലും ധനകാര്യമന്ത്രിയുടേത് ജനപക്ഷ ബഡ്ജറ്റ്

- ബി.ഡി. ദേവസി എം.എൽ.എ