തൃശൂർ: തൊഴിലാളികൾക്കും കർഷകർക്കും പ്രയാസം അനുഭവപ്പെടുന്ന സാധാരണക്കാർക്കും സംരക്ഷണവും കരുതലും നൽകുന്നതാണ് ബഡ്ജറ്റെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ. ജനക്ഷേമകരവും തൊഴിലാളി കർഷക പക്ഷ നിലപാടുകളും പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചിട്ടുള്ള ബഡ്ജറ്റാണ് ധനകാര്യ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്.
തൊഴിലാളി പെൻഷൻ വർദ്ധിപ്പിച്ചതും, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി നടപ്പിലാക്കുന്നതും, ആശ, അംഗൻവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചതും വളരെ പ്രധാനപ്പെട്ട നേട്ടങ്ങളാണ്. പരമ്പരാഗത, പൊതുമേഖല സംരക്ഷണ പദ്ധതികളും ഏറെ ആശ്വാസകരമാണ്. അസംഘടിത തൊഴിൽ മേഖലകളിലും മത്സ്യത്തൊഴിലാളികൾക്കും തീരദേശ സംരക്ഷണത്തിനും പരിഗണന നൽകുന്നത് സർക്കാരിന്റെ ഈ മേഖലയിലുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും കെ.പി. രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചു.