കൊടുങ്ങല്ലൂർ: ഇടതുമുന്നണി ഭരിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭയിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പിടിച്ചെടുത്ത് ബി.ജെ.പി ചരിത്ര വിജയം നേടി. നഗരസഭയിൽ ആദ്യമായാണ് ബി.ജെ.പി ഭരണ സാരഥ്യം കൈവരിക്കുന്നത്. ഇടതു മുന്നണിയിലെ രാഷ്ട്രീയ തന്ത്രജ്ഞരെ അട്ടിമറി നീക്കത്തിലൂടെയാണ് ബി.ജെ.പി പൊതുമരാമത്ത് കമ്മിറ്റിയിലേക്ക് നാല് അംഗങ്ങളെ വിജയിപ്പിച്ചത്.

പുല്ലൂറ്റ് 16-ാം വാർഡിൽ നിന്നും വിജയിച്ച ബി.ജെ. പി അംഗം ഒ.എൻ. ജയദേവനാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. വികസന ക്യര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ണായി സി.പി.എമ്മിലെ ലത ഉണ്ണിക്കൃഷ്ണനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സി.പി.എമ്മിലെ കെ.എസ്. കൈസാബിനെയും ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി സി.പി.ഐയിലെ എൽസി പോളിനെയും തിരഞ്ഞെടുത്തു.

ആരോഗ്യ കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം വനിതാ സംവരണമാണ്.വനിതാ സംവരണമായ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി സി.പി.ഐയിലെ ഷീല പണിക്കശേരിയെ തിരഞ്ഞെടുത്തു.വൈസ് ചെയർമാനായ സി.പി.എമ്മിലെ കെ.ആർ. ജൈത്രനാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.

മൂന്നിനെതിരെ നാല് വോട്ടുകൾക്കാണ് സമിതി അദ്ധ്യക്ഷമാർ തിരഞ്ഞെടുക്കപ്പെട്ടത്. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരി എൽ.ആർ ഡെപ്യൂട്ടി കളക്ടർ എ.പി. കിരൺ നേതൃത്വം നല്കി.