census

തൃശൂർ: തെറ്റിദ്ധാരണകളും കുപ്രചരണങ്ങളും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവ്വഹണ മന്ത്രാലയം നടത്തുന്ന ഏഴാമത് സാമ്പത്തിക സെൻസസ് ജില്ലയിൽ ഇഴയുന്നു. കഴിഞ്ഞ ജൂലായിൽ തുടങ്ങിയ സെൻസസ് സംസ്ഥാനത്ത് 40 ശതമാനം എത്തി നിൽക്കുമ്പോൾ ജില്ലയിൽ 36 ശതമാനം മാത്രമാണ് പൂർത്തിയാക്കാനായത്. 4,60,000 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇതുവരെ സർവേ നടത്താനായത്. ഏതാണ്ട് 13 ലക്ഷത്തിൽ അധികം വീടുകളും സ്ഥാപനങ്ങളിലുമാണ് സർവേ നടത്താനുള്ളത്. കൊവിഡിനപ്പുറം ജനത്തിന്റെ നിസഹകരണമാണ് സർവേ പിന്നാക്കം പോകുന്നതിന് കാരണമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന എന്യുമറേറ്റർമാർ സാമ്പത്തിക സെൻസസിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തി എന്യുമറേറ്റർമാരെ തടയുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് സെൻസസ് ഇഴയുന്നതിനാൽ മാർച്ച് 31 വരെ നീട്ടിയതായി സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എ.പി ഷോജൻ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവര കണക്കു വകുപ്പ് റിസർച് ഓഫീസർ പി.എം .ഹബീബുള്ള, സീനിയർ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ കെ.ആർ.സന്തോഷ്, പൊതുജന സേവ കേന്ദ്രം ജില്ലാ മാനേജർ ബ്രിട്ടോ.ടി.ജെയിംസ്,പുഷ്പാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

എന്യുമറേറ്റർമാർക്ക് ഭീഷണി

വാടാനപ്പള്ളി, അന്തിക്കാട്, കടപ്പുറം,എങ്ങണ്ടിയൂർ, കടങ്ങോട് പഞ്ചായത്തുകളിൽ സർവേക്ക് എത്തിയ എന്യുമറേറ്റർമാർക്ക് വിവരം നൽകാത്ത സംഭവങ്ങളുമുണ്ടായി. ചിലയിടങ്ങളിൽ അവരെ തടഞ്ഞുവെക്കുകയും ചെയ്തു. പന്ത്രണ്ടോളം പഞ്ചായത്തുകളിൽ സെൻസസ് നടപടികൾ ആരംഭിക്കാൻ പോലും സാധിക്കാത്ത സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വരെ ഇവർക്കെതിരെ തിരിയുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നൽകേണ്ട വിവരങ്ങൾ

സാമ്പത്തിക കണക്കെടുപ്പിൽ സംരംഭങ്ങളും അവകളിൽ ഏർപ്പെട്ടിരിക്കുന്നവരും ഉടമസ്ഥതയിലെ പാർട്ണർഷിപ്പ് നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് തൊഴിലാളികളുടെ എണ്ണം, വാർഷിക വരുമാനം, രജിസ്‌ട്രേഷൻ, മറ്റു ശാഖകൾ, മുതൽ മുടക്കിന്റെ പ്രധാന സ്രോതസ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.