തൃശൂർ: കൊവിഡ് കാലത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുമ്പോൾ ജില്ലയിൽ ഇത്തവണ പരീക്ഷ എഴുതുന്നത് 35,741 വിദ്യാർത്ഥികൾ. ഇതിൽ 344 പേർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ്. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 നാണ് അവസാനിക്കുക.
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 9988 പേർ
പരീക്ഷ എഴുതുന്ന 35,397 പേരിൽ 17,235 പേർ പെൺകുട്ടികളും 18,162 പേർ ആൺകുട്ടികളുമാണ്. തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളായി തിരിച്ചിരിക്കുന്നത്. ഇതിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മാത്രം 9,988 പേരാണ് പരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുടയിൽ 10,774 പേരും ചാവക്കാട് 15,009 പേരുമാണ് പരീക്ഷ എഴുതുക.
260 പരീക്ഷാകേന്ദ്രങ്ങൾ
260 പരീക്ഷാകേന്ദ്രങ്ങളാണ് പരീക്ഷ എഴുതുന്നവരെ കാത്തിരിക്കുന്നത്. ഇതിൽ 84 എണ്ണം സർക്കാർ തലത്തിലും 147 എണ്ണം എയ്ഡഡ് തലത്തിലും 28 എണ്ണം അൺ എയ്ഡഡ് തലത്തിലും ഒരെണ്ണം ടെക്‌നിക് തലത്തിലുമാണ്. 3956 ഇൻവിജിലേറ്റർമാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ഹയർ സെക്കൻഡറി പരീക്ഷകളും നടത്തും
എസ്.എസ്.എൽ.സി പരീക്ഷയ്‌ക്കൊപ്പം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുപരീക്ഷയുടെ ഭാഗമായി ജൂൺ ഒന്നു മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകളുടെ റിവിഷനും സംശയ ദുരീകരണവും നടത്താനുള്ള ക്രമീകരണങ്ങൾക്കായി ജനുവരി ഒന്നു മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
വൈഗ അഗ്രി ഹാക്ക് ഫെബ്രുവരി 10 മുതൽ
തൃശൂർ: കാർഷികോൽപന്ന സംസ്‌കരണവും മൂല്യവർദ്ധനയും അടിസ്ഥാനമാക്കി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയും വൈഗ അഗ്രി ഹാക്ക് ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും.
കൊവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലാണ് വൈഗയ്ക്ക് വേദിയൊരുങ്ങുക.
റീജ്യണൽ തിയേറ്റർ, സാഹിത്യ അക്കാഡമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൗൺഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലാകും മേള. നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടിയുണ്ടാകുമെന്നതാണ് വൈഗയുടെ പ്രത്യേകത. ഭരണ നിർവഹണത്തിനും നിയമനത്തിനും പ്രശ്നപരിഹാരത്തിനുമായി വിവിധതലങ്ങളിൽ ഹാക്കത്തോൺ സങ്കേതം ഉപയോഗപ്പെടുത്താറുണ്ട്. വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ള വിവിധ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഇടവേളകളില്ലാത്ത ചർച്ചയിലൂടെയും സംവാദത്തിലൂടെയും പ്രശ്ന പരിഹാരം കണ്ടെത്തുക എന്ന സംവിധാനമാണ് ഹാക്കത്തോൺ.
എക്സിബിഷൻ, സെമിനാറുകൾ വെബിനാറുകൾ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. കാർഷിക സർവകലാശാലയിലെ സ്ഥിരം വേദിയിലും ഓൺലൈൻ പ്ലാറ്റ്ഫോമിലെ വെർച്വൽ പ്രദർശനവുമുണ്ടാകും. പ്രധാന ആകർഷണമായ 'വൈഗ ഓൺ വീൽസ് ' എക്സിബിഷൻ എന്ന സഞ്ചരിക്കുന്ന പ്രദർശനശാല ഉൾപ്പെടുത്തും. വൈഗ ഓൺ വീൽസ് പ്രദർശനം കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ചാണ് നടത്തുക. വൈഗയുടെ പ്രചാരണം ഗ്രാമങ്ങളിലെത്തിക്കാനും ഇതിലൂടെ കഴിയും.