relief-center-demolished
കടപ്പുറം അഞ്ചങ്ങാടി ഹൈസ്‌കൂളിനടുത്ത് കോൺക്രീറ്റ് തകർന്ന് അപകട ഭീഷണിയിൽ നിൽക്കുന്ന ആശ്വാസ കേന്ദ്രം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലുള്ള അഞ്ചങ്ങാടി ഗവ.ഹൈസ്‌കൂളിന് തൊട്ടുള്ള ദുരിതാശ്വാസ കേന്ദ്രം അറ്റകുറ്റപണി നടത്താതെ നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. മേൽക്കൂരയുടെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. കെട്ടിടത്തിനോട് തൊട്ടുള്ള ഏക്കറ് കണക്കിന് സ്ഥലവും കാട് കയറി നശിച്ച് കൊണ്ടിരിക്കുകയാണ്. ഇഴ ജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.

പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിച്ച അഭയാർത്ഥികൾക്ക് താമസിക്കാനായി പണികഴിച്ചതാണ് ഈ ദുരിതാശ്വാസ കേന്ദ്രം. വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി മാറേണ്ട ദുരിതാശ്വാസ കേന്ദ്രം തന്നെ അധികൃതരുടെ അനാസ്ഥമൂലം ദുരിതത്തിലാണ്. അഭയാർത്ഥികൾക്ക് കയറികൂടാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ കെട്ടിടം.

1985ൽ ലക്ഷങ്ങൾ ചെലവഴിച്ച് പി.കെ.കെ. ബാവ ഗുരുവായൂർ എം.എൽ.എ ആയിരുന്ന സമയത്ത് നിർമ്മിച്ച കെട്ടിടം അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ. അവുകാദർകുട്ടി നഹയാണ് ഉദ്ഘാടനം നിർവഹിച്ചത്.

യഥാസമയങ്ങളിൽ കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്തുന്നതിൽ അധികൃതർ കാണിച്ച വീഴ്ച്ചയാണ് കെട്ടിടം ഇങ്ങനെ തകരാനിടയാക്കിയതെന്ന് ആക്ഷേപം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്. പ്രസ്തുത സ്ഥലം ഹൈസ്‌കൂളിനോ മറ്റ് സർക്കാർ സ്ഥാപനങ്ങൾ പണിയുന്നതിനോ വേണ്ടി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി വകുപ്പ് മന്ത്രിക്കും എം.എൽ.എക്കും ഫിഷറീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും പറയുന്നു.