covid-vaxine

തൃശൂർ: ആശങ്കയോ ഭയമോ ഇല്ലാതെ ആരോഗ്യ മേഖലയ്ക്ക് ഊർജം പകർന്ന് ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ. കെ. ജെ. റീന ആദ്യമായി ജില്ലയിൽ വാക്സിൻ സ്വീകരിച്ചു. കൊവിഡ് വാക്സിന്റെ കൃത്യമായ നടപടി ക്രമം പാലിച്ചാണ് ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ചു ഡി. എം. ഒ ആദ്യ ഡോസ് സ്വീകരിച്ചത്. മൊബൈൽ സന്ദേശ പ്രകാരം തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാണ് വാക്സിൻ എടുക്കാൻ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. വാക്സിൻ എടുത്ത ഡി.എം.ഒയെ മന്ത്രി സുനിൽ കുമാർ അടക്കമുള്ളവർ അഭിനന്ദിച്ചു.

രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട്‌ ചെയുകയും സ്ഥിരീകരിച്ച കൊവിഡ് രോഗിയെ പ്രവേശിപ്പിക്കുകയും ചെയ്ത ആശുപത്രിയിൽ തന്നെയാണ് ആദ്യ വാക്സിൻ വിതരണം ജില്ലയിൽ നടന്നത്. കഴിഞ്ഞ വർഷം ജനുവരി 30 ന് ചൈനയിൽ നിന്നുമെത്തിയ കൊവിഡ് രോഗിയെ ആദ്യം പ്രവേശിപ്പിച്ചത് ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു. രാവിലെ 11.20 ഓടെ യാണ് മന്ത്രി വി. എസ്. സുനിൽ കുമാർ, ടി. എൻ. പ്രതാപൻ എം. പി., ജില്ലാ കളക്ടർ എസ്. ഷാനവാസ്‌ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡി.എം.ഒ ആദ്യ ഡോസ് സ്വീകരിച്ചത്.

ചെറിയ വേദന

വാക്സിൻ എടുത്തപ്പോൾ ചെറിയ വേദന അനുഭവപ്പെട്ടു. അത് കുറച്ചു നേരം നിന്നു. എന്നാൽ മറ്റുള്ളവർക്ക് തനിക്ക് ഉണ്ടായ അത്ര വേദന ഉണ്ടായില്ലെന്നും ഡി.എം.ഒ പറഞ്ഞു. വാക്സിൻ എടുത്ത്‌ അരമണിക്കൂർ നേരം നിരീക്ഷണത്തിൽ ഇരുന്ന ശേഷം ജില്ലയിലെ മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഡി.എം.ഒ സന്ദർശിച്ചു.

എന്റെ കർത്തവ്യം പാലിച്ചു : ഡോ. കെ. ജെ. റീന

ആരോഗ്യ രംഗത്തെ പ്രവർത്തനത്തിലെ നിർണായക ദിവസം ആയിരുന്നു ഇന്നലെ. മൈക്രോ ബയോളജി, ഫാമിലി മെഡിസിൻ, അഡ്മിനിസ്ട്രേഷൻ ഈ മൂന്നു വിഭാഗങ്ങളിലാണ് സ്പെഷ്യലൈസ് ചെയ്തത്. താൻ പഠിച്ചത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചു. മൈക്രോ ബയോളജി, വാക്സിന്റെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിഭാഗമാണ്. അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ മറ്റ് ആരോഗ്യ പ്രവർത്തകർക്ക് മാതൃക ആവേണ്ടതാണ്. ഇത് എല്ലാം ഉൾക്കൊണ്ടാണ് വാക്സിൻ എടുത്തത്.