തൃശൂർ: വിപണി ലക്ഷ്യമിട്ടു നീങ്ങുകയാണ് എണ്ണൂറോളം വരുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകളുമായി കേര മാടക്കത്തറ നഴ്‌സറി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാടക്കത്തറ പഞ്ചായത്ത് കൃഷിഭവൻ, കേര വികസന ഏകോപന സമിതി എന്നിവർ സംയുക്തമായാണ് അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തൈകൾ പോളിനേഷനിലൂടെ ഉൽപാദിപ്പിച്ചത്. തെങ്ങിൻ തൈകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം തുടങ്ങിയതോടെ കൂടുതൽ വിപണന സാദ്ധ്യത മുന്നിൽക്കാണുകയാണ് കർഷകർ.
വേഗം കായ്ക്കും, നാളികേരം കൂടുതൽ ലഭിക്കും
വേഗം കായ്ക്കുകയും വലിയതും ഗുണമേന്മയും ഉള്ള ധാരാളം നാളികേരം ലഭിക്കുകയും ചെയ്യും. കട്ടിലപൂവ്വത്തിൽ പ്രവർത്തിക്കുന്ന കേര മാടക്കത്തറ നഴ്‌സറിയിൽ ഹൈബ്രിഡ് തെങ്ങിൻ തൈക്ക് 250 രൂപയും ബാഗ് തൈക്ക് 300 രൂപയുമാണ് ഈടാക്കുന്നത്.
മൂന്ന് വർഷത്തെ കഠിന പ്രയത്‌നം
രണ്ടു വർഷം മുമ്പ് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.സി. സത്യാവർമയുടെ നേതൃത്വത്തിൽ 50 കേരകർഷകരുമായി കാസർകോട് പീലിക്കോട് തോട്ടവിള ഗവേഷണ കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രയിൽ നിന്നാണ് ഹൈബ്രിഡ് തെങ്ങിൻ തൈകൾ എന്ന ആശയം ഉരുത്തിരിഞ്ഞത്. പിന്നീട് കേന്ദ്ര തോട്ടവിള ഗവേഷണ സെന്റർ നൽകിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് മാടക്കത്തറ കേര സമിതി ഹൈബ്രിഡ് തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. ഉയരം കൂടിയ തെങ്ങുകളെയും ഉയരം കുറഞ്ഞ തെങ്ങുകളെയും മാതൃപിതൃ വൃക്ഷമായി കണ്ട് ഇവയുടെ പൂമ്പൊടി എടുത്ത് കൃത്രിമപരാഗണം (പോളിനേഷൻ) നടത്തി. മൂന്ന് വർഷത്തെ കഠിന പ്രയത്‌നത്തിന്റ ഫലമായിട്ടാണ് ഇന്ന് വില്പനയ്ക്ക് പാകമായ കേര മാടക്കത്തറ എന്ന സങ്കരയിനം തൈകൾ പിറവിയെടുത്തത്.
ജില്ലയ്ക്ക് പുറത്തു നിന്നും ഓർഡറുകൾ
ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ ഉൽപാദനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് കേര വികസന ഏകോപന സമിതി അവകാശപ്പെടുന്നു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഹൈബ്രിഡ് തെങ്ങിൻ തൈകൾ ആവശ്യക്കാർക്ക് എത്തിച്ച് നൽക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്.