മതിലകം : കയ്പമംഗലം മണ്ഡലത്തെ അവഗണിച്ച ബഡ്ജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ ആരോപിച്ചു. രൂക്ഷമായ കടൽക്ഷോഭമനുഭവിക്കുന്ന തീരദേശത്തെ കടൽഭിത്തി നിർമ്മാണത്തിന് സംസ്ഥാനത്ത് ആകെ നീക്കിവെച്ചത് 150 കോടിയാണ്. അതിൽ കയ്പമംഗലത്തിന്റെ വിഹിതമായി ലഭിക്കുക രണ്ടു കോടിയോളം മാത്രമാണ്. മിനി സിവിൽ സ്റ്റേഷന് പല ബഡ്ജറ്റിലായി സംഖ്യ നീക്കിവെച്ചിരുന്നെങ്കിലും ഈ വർഷം ടോക്കൺ മണി പോലുമില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്ന് ബഡ്ജറ്റിൽ തുക വകയിരിത്തിയിട്ടില്ല. കിഫ് ബി ഫണ്ടിലൂടെ നടപ്പിലാക്കുമെന്ന് പറയുന്ന അഴിക്കോട്- മുനമ്പം പാലത്തിന് സംഖ്യ വകയിരിത്തിയിട്ടുള്ളത് ആശ്വാസകരമാണെങ്കിലും മുൻ ബഡ്ജറ്റിന്റെ ഗതി തന്നെ വരുമോയെന്ന ആശങ്കയിലാണ് തീരദേശ വാസികൾ. ബഡ്ജറ്റ് വിഹിതം വാങ്ങിക്കുന്നതിൽ എം.എൽ.എ പരാജയമാണെന്ന് സി.എസ് രവീന്ദ്രൻ ആരോപിച്ചു.