ചേർപ്പ്: വല്ലച്ചിറയെന്ന നാട് ഒരുങ്ങുകയാണ്. നാടകം പ്രതിധ്വനിക്കുന്ന ദ്വീപിലേക്ക് രാവുകളിൽ ചേക്കേറാൻ. പ്രകൃതിയുടെ ഇളം കാറ്റിൽ വല്ലച്ചിറ ചാപ്പക്കായൽ പാടശേഖരത്തിന്റെ നടുവിൽ ചമയങ്ങളൊഴിയാതെ സ്ഥിരം നാടകവേദിയിൽ ഇനി ഓരോ കഥാപാത്രങ്ങളും നിറയും. നാടക പ്രവർത്തകൻ ജോസ് ചിറമ്മലിന്റെ സ്മരണയുമായി നാടകദ്വീപിന് ഈ വരുന്ന 24, 25, 26 തിയതികളിലാണ് തിരശീല ഉയരുക. ചിറമ്മലിന്റെ ശിഷ്യനും നാടക സംവിധായകനുമായ ശശിധരൻ നടുവിലും മറ്റു നാടകപ്രവർത്തകരും ചേർന്നാണ് രണ്ട് വർഷത്തെ പ്രയത്‌നത്തിലൂടെ ദ്വീപ് യാഥാർത്ഥ്യമാക്കിയത്. തെങ്ങിൻതടി കൊണ്ട് നിർമിച്ച കവാടം, നീണ്ട പാലം എന്നിവ നാടക ദ്വീപിന്റെ ശ്രദ്ധാ കേന്ദ്രമാകും. ലോക പ്രശസ്ത നാടക പ്രവർത്തകരുടെ ഛായാ ചിത്രം, വിവരങ്ങൾ എന്നിവ ഗാലറിയിലുണ്ടാകും. തിയേറ്ററിന്റെ ഇരുഭാഗങ്ങളിൽ വേദി ഒരുക്കിയുണ്ട്. 34 സെന്റ് സ്ഥലത്ത് 80 അടി നീളവും 50 അടി വീതിയിലുമാണ് നാടക ദ്വീപ്. തിയേറ്ററിൽ 500 പേർക്ക് ഇരിക്കാം. 10 പേർക്ക് താമസ സൗകര്യവുമുണ്ട്. റിമെംബറൻസ് തിയേറ്റർ ഗ്രൂപ്പാണ് നാടക ദ്വീപിന് കൈത്താങ്ങായത്. വിദേശത്തും നാട്ടിലുമുള്ള നാടകപ്രേമികളുടെ സഹകരണവുമുണ്ടായെന്ന് ശശിധരൻ പറഞ്ഞു. പത്ത് ലക്ഷത്തോളം രൂപ ഇതുവരെ ചെലവായെന്നും അദ്ദേഹം പറഞ്ഞു.
നാടൻ കലകൾ മുതൽ കഥകളി വരെ
നാടകം, കളരി, കഥകളി, യോഗ, അനുഷ്ഠാന കലകൾ എന്നിവ ഇവിടെ പഠിപ്പിക്കും. ജോസ് തിയേറ്റർ, സൺഡേ തിയേറ്റർ, പെൺനാടക സംസ്‌കൃതി, നാട്യ ഭാരതി സ്‌കൂൾ ഒഫ് തിയേറ്റർ, ഹബീബ് തൻവീർ തിയേറ്റർ, സിനിമ കൊട്ടക, മുല്ലനേഴി സാഹിത്യ പാഠശാല, സി.ബി അശോകൻ ഓർമ നാടൻ കലാപഠനകേന്ദ്രം, സിഗ്നേച്ചർ തിയേറ്റർ മൂവ്‌മെന്റ് തുടങ്ങിയ എഴുപതോളം വിഭാഗങ്ങൾ അനുബന്ധമായി ഉണ്ടാകും. വയോജന നാടകവേദി, അഗ്രികൾച്ചറൽ തിയേറ്റർ തുടങ്ങിയ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ നാടകപ്രവർത്തകരായ ബിജു രായിരോത്ത്, ദിൽജിത്ത് ഗോരെ, ടിനി രഞ്ചൻ, സുനിൽ സുധാകരൻ, ശരത്ത് ഒമർ , ഫെരീഫ്, സജിത്ത് കുമാർ, പ്രകാശ് കബീർ എന്നിവരും കേരളത്തിലെ വിവിധ ദിക്കുകളിൽ നിന്നുള്ള നാടകപ്രവർത്തകരും ചേർന്നാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.
നാടകത്തിന്റെ മഹത്തായ പാഠശാലയാണ് വല്ലച്ചിറ ഗ്രാമത്തിൽ നാടക ദ്വീപിലൂടെ പിറവിയെടുക്കുന്നത്. വല്ലച്ചിറ ഗവൺമെന്റ് സ്‌കൂളായിരുന്നു ഒരു കാലത്ത് വല്ലച്ചിറയിലെ നാടക പരിശീലന താവളം. അതിൽ നിന്ന് മോചിതമായ സ്വന്തമായ ഒരു നാടക ഇടം വല്ലച്ചിറയിൽ ജോസ് ചിറമ്മലിന്റെ പേരിൽ രൂപമെടുക്കുന്നത് അഭിമാനകരമാണ്.
പ്രിയനന്ദനൻ
ചലച്ചിത്ര നാടക സംവിധായകൻ
പ്രളയവും, മഹാമാരിയും മറ്റു പ്രതിസന്ധികളുടെയും കടമ്പ കടന്നാണ് നാടക ദ്വീപിന്റെ പ്രാരംഭ ഘട്ടം പൂർത്തിയാക്കിയത്
ശശിധരൻ നടുവിൽ