shaji-papan

ചാലക്കുടി: ഇന്ന് ഷാജിപാപ്പന്റെ അമ്പതാം പിറന്നാളാണ്. ഒപ്പം അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളിലെ ഒരു സുദിനവും. സിൽവർ സ്റ്റോം വാട്ടർ പാർക്കിന് സമീപം അതിരപ്പിള്ളി റോഡരികിലെ തട്ടുകടയുടെ ഇന്നത്തെ പ്രവർത്തനം ലാഭത്തിനായല്ല.

ഇവിടെ പിരിയുന്ന പണമെല്ലാം വലിയൊരു കാരുണ്യ പ്രവർത്തനത്തിന് മുതൽക്കൂട്ടും. വേളൂക്കരയിലെ പുളിയ്ക്ക പോളിയുടെ മകൻ റൊണാൾഡിന്റെ ചികിത്സയ്ക്ക് ഇനിയും അരക്കോടി രൂപയോളം ആവശ്യമുണ്ട്.

ഇതിന് തനിക്കും കൂട്ടുകാർക്കും നൽകാൻ കഴിയുന്ന സഹായമാണ് തട്ടുകടയിലെ ഭക്ഷ്യമേളയെന്ന് പാലത്തിങ്കൽ ഷാജി പറയുന്നു. രക്താർബുദം പിടിപെട്ട പതിനഞ്ചുകാരൻ റൊണാൾഡിന് ചികിത്സയ്ക്ക് ഇതുവരെ 20 ലക്ഷം രൂപയാണ് ചെലവായത്. ഇപ്പോൾ രോഗം തലച്ചോറിനെ ബാധിച്ചു.

വൻ തുക ആവശ്യമുള്ള ചികിത്സയാണ് ഒരു താങ്ങാണ് വെറ്റിലപ്പാറ പാലത്തിനടുത്ത ഈ തട്ടുകട. വലിയതോതിലായിരിക്കും ഇവിടുത്തെ കച്ചവടം. ചായയ്ക്കും കടികൾക്കും പുറമെ തയ്യാറാക്കി വച്ച ബിരിയാണിയും വിൽക്കുന്നുണ്ട്. ഇതിന്റെ വില തൊട്ടടുത്തു വയ്ക്കുന്ന ബക്കറ്റിൽ ശേഖരിക്കും. ഷാജി പാപ്പന്റെ ദൗത്യം ബോദ്ധ്യപ്പെടുന്നവർക്ക് കൂടുതൽ തുകയും നിക്ഷേപിക്കാം.

ഇതിൽ നിന്നും മുതൽമുടക്കിയ പണം പോലും ഇയാൾ എടുക്കില്ല. എല്ലാം റൊണാൾഡിന്റെ ചികിത്സയ്ക്കായി കൊടുക്കും.

പ്ലാന്റേഷൻ തോട്ടം തൊഴിലാളികൾ, നാട്ടുകാർ, ആട്ടോ തൊഴിലാളികൾ, അതിരപ്പിള്ളി പൊലീസ് തുടങ്ങി വലിയൊരു നിരതന്നെ ഈ സേവനങ്ങൾക്ക് കൂട്ടായെത്തുന്നു. ഈ കാരുണ്യ പ്രർവത്തനം തന്റെ ജീവിതം തിരിച്ചു കിട്ടിയതിന്റെ നന്ദി പ്രകടനം കൂടിയാണ്, പ്ലാന്റേഷനിലെ ആട്ടോ ഡ്രൈവർ സത്യന്. ആട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ ലക്ഷങ്ങൾ ചെലവായ ചികിത്സയിൽ ഇത്തരത്തിൽ കച്ചവടം നടത്തി രക്ഷകനായതും ഷാജി പാപ്പനാണ്. നിലമ്പൂരിലെ പുത്തുമലയിലുണ്ടായ ഉരുൾപ്പൊട്ടലും ഷാജിയുടെ മനസിനെ നോവിച്ചു. അന്നും പാപ്പന്റെ തട്ടുകട ഒരു ദിവസം സേവനത്തിന്റെ ഫൈവ് സ്റ്റാർ ഹോട്ടലായി. ഭാര്യയും മൂന്നു മക്കളുമുണ്ട് ഷാജിക്ക്. അമ്മ ത്രേസ്യയുടെ കാൻസർ രോഗത്തിന്റെ ചികിത്സയ്ക്ക് നാട്ടുകാർ നൽകിയ സഹായം ഷാജി ഇന്നും ഓർക്കുന്നു.

വേളൂക്കരയാകെ രംഗത്ത്

വായ്പയെടുത്ത് ബസ് വാങ്ങിയതും, പുതിയൊരു വീടുവച്ചതുമെല്ലാം റൊണാൾഡിന്റെ പിതാവ് പോളിക്ക് ദുരിതമായി. ഭാര്യ ലിജി പോളിയും അതീവ ദുഃഖത്തിലാണ്. വായ്പയെടുത്ത് കുടിശികയായത് 32 ലക്ഷം രൂപയാണ്. മകന്റെ രോഗം എല്ലാ പ്രതീക്ഷകളും തകർത്തു. റൊണാൾഡിന്റെ ചികിത്സയ്ക്ക് ഇതിനകം 15 ലക്ഷം രൂപ ചെലവായി. അതിനിടെ റൊണാൾഡിന്റെ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്ര ക്രിയയ്ക്കായി വേളൂക്കരയും അരയും തലയും മുറുക്കി രംഗത്തിറങ്ങി. ജനപ്രതിനിധികൾ, വേളൂക്കര പള്ളി, സാമൂഹിക സംഘടനകൾ അങ്ങനെ നിരവധിയാളുകൾ രംഗത്തുണ്ട്. സുമനസുകളെ കണ്ടെത്തി പണം സ്വരൂപിക്കൽ, കുറ്റിക്കാട് പള്ളിയിലെ അമ്പുതിരുനാൾ ആഘോഷത്തിന് ബിരിയാണി മേള നടത്തി ലാഭം ചികിത്സാ ഫണ്ടിലേക്ക് നൽകൽ അങ്ങനെ പ്രവർത്തനങ്ങൾ പലതാണ്.