വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് മാമാങ്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി തരണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത മാമാങ്ക കമ്മിറ്റിക്കാരുടെ യോഗം ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ അസി.കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണലിത്തറ, വിരുപ്പാക്ക, കരുമത്ര, മംഗലം, പാർളിക്കാട് എന്നീ തട്ടകവാസികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് വ്യത്യസ്ഥത പുലർത്തുന്ന മച്ചാട് മാമാങ്കവും, പറപുറപ്പാടും മുടക്കം വരാതെ ഈ വർഷവും നടത്താൻ അനുമതി തരണമെന്ന് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പനങ്ങാട്ടുകര കല്ലം പാറ ദേശക്കാരാണ് ഈ വർഷത്തെ മാമാങ്കത്തിൻ്റെ നടത്തിപ്പ് അവകാശികൾ. അടുത്ത മാസം 23നാണ് മച്ചാട് മാമാങ്കം. അതിനു മുമ്പുള്ള മുപ്പെട്ട് വെളളിയാഴ്ചയാണ് പറ പുറപ്പാട് നടക്കുക. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ നിർദ്ദേശപ്രകാരമാണ് മാമാങ്കം നടക്കുക.