കാഞ്ഞാണി: തകരാറിലായ തൃശൂർ - വാടാനപ്പിള്ളി സംസ്ഥാന പാതയിലെ പെരുമ്പുഴ ഒന്നാം നമ്പർ പാലത്തിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി പാലം തുറന്നു. അതിനിടെ പഴക്കമുള്ളതിനാൽ പുതിയ പാലം നിർമ്മിക്കാനും സാദ്ധ്യതയുണ്ട്. 71 വർഷത്തോളം പഴക്കമുള്ള പാലത്തിൻ്റെ സ്ലാബുകൾ താങ്ങിനിർത്തുന്ന ഗർഡറുകൾ ദ്രവിച്ചതോടെ പാലം ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 11നാണ് തകരാറിലായതിനെ തുടർന്ന് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
തൃശൂർ ആസ്ഥാനമായ സി 2 ഇൻഫ്രാസ്ട്രക്ചറിനാണ് ബലപ്പെടുത്തൽ ചുമതല. നിലവിലുള്ള 60.6 ലക്ഷം രൂപയ്ക്കാണ് കരാർ എടുത്തിരുന്നത്. കാലാവധി തീരാൻ ഒരാഴ്ച ബാക്കി നിൽക്കേ പെയിൻ്റിംഗ് ഒഴികെയുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചു.
പുതിയ പാലത്തിൻ്റെ പ്ലാൻ ഒരുങ്ങുന്നതായി മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടന വേളയിൽ പറഞ്ഞു. സംസ്ഥാന പാതയുടെ വീതികൂട്ടൽ പ്രവൃത്തികൾക്ക് 50 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയതായും എം.എൽ.എ. പറഞ്ഞു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അനിൽകുമാർ , ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ബ്ലോക് പഞ്ചായത്തംഗം കെ.കെ. ശശിധരൻ , പൊതുമരാമത്ത് പാലം വിഭാഗം എറണാകുളം ഡിവിഷൻ എക്സി. എൻജിനിയർ ഷിജി കരുണാകരൻ തുടങ്ങിയവർ സന്നിഹിതരായി.