പുതുക്കാട്: സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് ബെൻസ് കാറിൽ വന്നിറങ്ങി പാലിയേക്കര സ്വദേശിയിൽ നിന്ന് കേസൊതുക്കാനായി പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ കണ്ണൂർ ചിറക്കൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷ് (37) അറസ്റ്റിൽ. പത്താം ക്ലാസ് തോറ്റശേഷം കണ്ണൂരിലെ ഒരു ഐ.ടി.സിയിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ കോഴ്സ് വരെ പഠിച്ച ജിഗീഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ ജോലിതട്ടിപ്പിന് കേസുണ്ട്. വിവിധ സ്ഥലങ്ങളിൽ മാറി മാറി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജിഗീഷ്. സംശയകരമായ രീതിയിൽ ഒരാൾ അന്നമനട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പുതുക്കാട് സി.ഐ ടി.എൻ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2019ൽ പാലിയേക്കരയിലുള്ള ക്രെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടി വീണ് ഒരാൾ മരിച്ചതിനും ഒരാൾക്ക് പരിക്കേറ്റതിനും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കേസ് ഉണ്ടായിരുന്നു. കേസ് റദ്ദാക്കാമെന്ന് പറഞ്ഞ് ഒരാൾ ഉടമസ്ഥരെ സമീപിച്ചു. പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ടോൾ പ്ലാസയ്ക്ക് സമീപം ബെൻസ് കാറിൽ ജിഗീഷ് ജഡ്ജി ചമഞ്ഞ് എത്തി. ആദ്യ ഗഡുവായി അഞ്ചര ലക്ഷം നൽകാമെന്ന് ക്രെയിൻ സർവീസുകാരൻ പറഞ്ഞു. ജഡ്ജി ആയതിനാൽ പണം അക്കൗണ്ട് വഴി വാങ്ങാനാവില്ലെന്നും
ക്രിസ്ത്യൻ വിശ്വാസിയായതിനാൽ പള്ളിയുടെ മുന്നിൽ വച്ച് നേരിട്ട് തന്നാൽ മതിയെന്നും പറഞ്ഞു.അതുപ്രകാരം ആദ്യ ഗഡു അഞ്ചര ലക്ഷം വാങ്ങി. പിന്നീട് ടോൾ പ്ലാസയ്ക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി. ഒരാഴ്ചയ്ക്കകം കേസ് റദ്ദാക്കിയതിന്റെ ഉത്തരവ് കിട്ടുമെന്ന് പറഞ്ഞു. പിന്നീട് ബന്ധപ്പെട്ടപ്പോൾ ഡൽഹിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നാലെ, മറ്റൊരാളുടെ പേരിലുള്ള ചെക്ക് നൽകുകയും അത് മടങ്ങുകയും ചെയ്തു. തുടർന്നാണ് പുതുക്കാട് പൊലീസിൽ പരാതി നൽകിയത്.
ജിഗീഷ് നാല് വർഷം ഡാൻസ് ട്രൂപ്പ് നടത്തി. പിന്നീട് പ്രാദേശികചാനലിന്റെ റിപ്പോർട്ടറായി. ബെൻസ് കാറിലാണ് സഞ്ചാരം.