പുതുക്കാട്: പാലിയേക്കര ടോളിൽ തദ്ദേശീയർ അനുഭവിക്കുന്ന തീരാദുരിതത്തിന് പരിഹാരമായി നിർദ്ദേശിച്ച മണലി പുഴക്ക് കുറുകെ നെന്മണിക്കര, അളഗപ്പനഗർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പാലത്തിന് സംസ്ഥാന ബഡ്ജറ്റിൽ തുക നീക്കിവെക്കാത്തത് പ്രതിഷേധാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. പാലിയേക്കരയിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് മണ്ഡലത്തിലെ പൊതു ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് സമഗ്ര വികസനമെന്ന ആശയത്തിന് വിഘാതമാകുകയാണ്. പാലം യാഥാർത്ഥ്യമായാൽ മാത്രമേ ഗതാഗത കുരുക്കും പ്രാദേശിക വാസികളുടെ തീരാ ദുരിതവും മാറിക്കിട്ടുകയുള്ളു. ഇക്കാര്യം ബോധ്യപ്പെട്ടിട്ടും ആവശ്യം അംഗീകരിക്കാഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടാജറ്റ് പറഞ്ഞു.