തൃശൂർ: ഗോവയിൽ നടന്ന നാസ സ്‌പേസ് ആപ് ചാലഞ്ചിൽ ബഹിരാകാശ ഗവേഷകൾക്കായി സെൻ ഷെഡൂളർ രൂപകൽപന ചെയ്ത് ദേശീയ തലത്തിൽ പീപ്പിൾസ് ചോയ്‌സ് അവാർഡ് കരസ്ഥമാക്കിയ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികളായ അഫ്ഷാദ് .കെ.എ, അജ്മൽ സി.ആർ, ബെഞ്ചമിൻ പോൾ, അജ്മൽ എം.വൈ എന്നീ യുവശാസ്ത്ര പ്രതിഭകളെ രാജീവ് ഗാന്ധി പഠനകേന്ദ്രം തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. 'ആദരണീയം ' പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാരങ്ങളുടെ വിതരണവും രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര അദ്ധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി പഠനകേന്ദ്രം ജില്ലാ ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ ജോസ് വള്ളൂർ മുഖ്യാതിഥിയായി.