dog

തൃശൂർ : നാടിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ വംശ വർദ്ധനവും പേവിഷബാധ വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സന്നദ്ധസംഘം രൂപീകരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ഇപ്പോൾ നടപ്പിലാക്കി വരുന്ന എ.ബി.സി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതി ഏറ്റെടുത്തു നടത്താനാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ലക്ഷ്യമിടുന്നത്.

വിവിധ ജില്ലകളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി ആയിരക്കണക്കിന് തെരുവനായ്ക്കളാണ് അലഞ്ഞുതിരിയുന്നത്. മന്ത്രി കെ.രാജു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കെ.എം ദീലിപ് എന്നിവരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് പദ്ധതിക്ക് രൂപം നൽകിയത്. നിലവിൽ എതാനും ജില്ലകളിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പ്രക്രിയ മൃഗാശുപത്രികളിലും മറ്റും ഉണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. അസോസിയേഷന് കീഴിലുള്ള ഡോക്ടർമാർക്കും ക്യാച്ചർമാർക്കും ആവശ്യമായ പരിശീലനം നൽകിയ ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.

പദ്ധതി നടപ്പാക്കുന്നത്


തെരുവ് നായ പ്രജനന നിയന്ത്രണവും, പേവിഷ ബാധ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകുക എന്നതാണ് ഐ.വി.എയുടെ ലക്ഷ്യം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ രൂപീകരിക്കുന്ന ഒരു പ്രത്യേക ട്രസ്റ്റിന് കീഴിൽ മൃഗസംരക്ഷണ വകുപ്പ് , ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. തെരുവുനായ്ക്കളെ പിടിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയ ശേഷം പിടിച്ച സ്ഥലത്ത് തന്നെ ഡോഗ് ക്യാച്ചർമാർ കൊണ്ട് വിടുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തിൽ നാല് ജില്ലകൾ


പരീക്ഷണ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് ആദ്യ തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നത്. ഈ ജില്ലകളിൽ മുൻകാലങ്ങളിൽ ഇത്തരം പ്രവർത്തനം നടന്നിരുന്നു. അതും കൂടി കണക്കിലെടുത്താണ് ഈ ജില്ലകൾ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. വി.കെ.പി മോഹൻ കുമാർ എന്നിവർ പറഞ്ഞു.