തൃപ്രയാർ: വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബഡ്ജറ്റിൽ താലൂക്ക് ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്യാത്തതിൽ പ്രതിഷേധം. തീരദേശത്തെ പ്രധാന ആരോഗ്യ കേന്ദ്രമായ വലപ്പാട് ഗവ. ആശുപത്രി താലൂക്ക് തല ആശുപത്രിയായി ഉയർത്തണമെന്നുള്ളത് ജനങ്ങളുടെ എറെ നാളത്തെ ആവശ്യമാണ്. 25 കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റൊരു ആശുപത്രി ഇല്ലാത്തത് ജനങ്ങൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രസവാനന്തര ചികിത്സയും പോസ്റ്റ്‌മോർട്ടവും ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങൾ ഇല്ലാതായിട്ട് നാളുകളായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിപ്പോൾ വികസന പദ്ധതികളിൽ അവഗണന നേരിടുകയാണ്. ഉച്ചവരെ മൂന്ന് ഡോക്ടർമാരുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഒ.പിക്ക് ശേഷവും രാത്രിയിലും ഉണ്ടാകുന്ന രോഗാവസ്ഥകൾക്ക് വേണ്ടത്ര സേവനം ലഭിക്കുന്നില്ല.

സാധാരണ ദിവസങ്ങളിൽ 500 ൽ അധികം രോഗികളാണ് ഇവിടെ ഒ.പിയിൽ എത്തിച്ചേരാറുള്ളത്. കെട്ടിട സൗകര്യം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും താലൂക്ക് തല ആശുപത്രിയാക്കുന്നതിലേക്കുള്ള പ്രഖ്യാപനം സർക്കാരിൽ നിന്നും ഉണ്ടായില്ല.

90 ലധികം വർഷം പഴക്കമുള്ള ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നും ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആർ.എം.പി.ഐ മുന്നറിയിപ്പ് നൽകുകയും ഡി.എം.ഒയ്ക്ക് നിവേദനം നൽകുകയും ചെയ്തു. ടി.എൽ സന്തോഷ്, ടി.കെ പ്രസാദ്, കെ.എസ് ബിനോജ്, രഞ്ജിത്ത് വാലത്ത്, കെ.ജി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.