മാള: 'ആന്റപ്പന്റെ കട'യിൽ ഇത്തവണയും എത്തി ഇണകളായ തൊപ്പിക്കിളികൾ. കടയിലെ കൂടയ്‌ക്ക് മുകളിൽ കൂടൊരുക്കി. കൂട്ടിൽ മുട്ടയിട്ട് കുഞ്ഞിക്കിളികളും വിരിഞ്ഞു. മൂന്ന് വർഷമായി ഇതാണ് പതിവ്. ഡിസംബറിൽ രണ്ട് ഇണക്കിളികൾ ആന്റപ്പന്റെ കടയിൽ എത്തി 'കുടികിടപ്പ്' തുടങ്ങും.കുഞ്ഞുങ്ങൾ പറക്കാനും ഇര തേടാനും തക്ക വളർച്ചയെത്തുമ്പോൾ കിളികൾ ഇവിടം വിട്ടുപോകും.
ഒരേ കിളികളാണോ അവയുടെ കുഞ്ഞുങ്ങളാണോ സ്ഥിരമായി വരുന്നതെന്നൊന്നും അറിയില്ല. ആന്റപ്പനും ഭാര്യക്കും രണ്ട് മക്കൾക്കും മാത്രമേ അടുക്കാനാവൂ. മറ്റുള്ളവരെ കൊത്താൻ വരും. കടയിൽ നിന്ന് പുട്ട്, പഴംപൊരി, ഉണ്ടംപൊരി, പഴം എന്നിവയാണ് തീറ്റയായി നൽകുന്നത്. ഇതെല്ലാം എടുത്ത് കൊടുത്താൽ മാത്രം തിന്നും. അതല്ലാതെ കടയിലെ യാതൊന്നിലും തൊടുകയോ കാഷ്ഠിക്കുകയോ ചെയ്യില്ല.
മുട്ടയിട്ട് അടയിരിക്കുന്ന രണ്ടാഴ്ച പുറത്ത് പോകുന്നത് അപൂർവ്വമാണ്. മുട്ട വിരിയുമ്പോൾ കുഞ്ഞിനുള്ള തീറ്റ പുറത്ത് നിന്ന് കൊണ്ടുവരും. കൂടിന് മുകളിൽ ഇരുന്ന് കുഞ്ഞിന് തീറ്റ നൽകും. രാത്രി കൂട്ടിൽ കുഞ്ഞിനൊപ്പം കഴിയും.
മാളയ്ക്കടുത്ത് തിരുമുക്കുളത്ത് പതിന്നാല് വർഷമായി നടത്തുന്ന 'ആന്റപ്പന്റെ കട' എന്ന സ്ഥാപനത്തിൽ ചായയും സർബത്തും സ്റ്റേഷനറിയും ബേക്കറി സാധനങ്ങളും വിൽക്കുന്നുണ്ട്. വീടിനോട് ചേർന്നുള്ള കട രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് തുറക്കുന്നത്. കടയിൽ ആളുകളെത്തിയാലും കിളികൾ ശ്രദ്ധിക്കുകയോ ശല്യം ചെയ്യുകയോ ഇല്ല. രണ്ട് മാസത്തോളം തൊപ്പിക്കിളി കുടുംബം ആന്റപ്പന്റെ കടയിലെ അതിഥികളായിരിക്കും.